Connect with us

Uae

ദുബൈ അല്‍ വര്‍ഖയില്‍ യാത്രാസമയം 80 ശതമാനം കുറയ്ക്കാന്‍ റോഡ് വികസനം

പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Published

|

Last Updated

ദുബൈ | അല്‍ വര്‍ഖ ഏരിയയിലേക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് പ്രവേശന, എക്സിറ്റ് പോയിന്റുകള്‍ നല്‍കാനുള്ള പദ്ധതി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) നടപ്പാക്കുന്നു. എട്ട് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഒരു ആന്തരിക റോഡ് ശൃംഖല, വര്‍ധിച്ച ട്രാഫിക് വോളിയം നിയന്ത്രിക്കുന്നതിന് സഹായകരമാവും.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, റോഡിന്റെ ശേഷി മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ വര്‍ധിപ്പിക്കും. യാത്രാസമയം 80 ശതമാനം കുറയ്ക്കും. 20 മിനുട്ടില്‍ നിന്ന് 3.5 മിനുട്ടായി കുറയും. യാത്രാ ദൂരം 5.7 കിലോമീറ്ററില്‍ നിന്ന് 1.5 കിലോമീറ്ററായും കുറയും. പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി 3,50,000ത്തിലധികം താമസക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. പുതിയ പ്രവേശന, എക്സിറ്റ് പോയിന്റുകള്‍ക്കൊപ്പം ലൈറ്റിംഗ്, മഴവെള്ളം, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. ഈ മെച്ചപ്പെടുത്തലുകള്‍ അല്‍ വര്‍ഖ ഒന്ന് സ്ട്രീറ്റിന്റെ ശേഷി 30 ശതമാനം വര്‍ധിപ്പിക്കും.

അല്‍ വര്‍ഖ 3, അല്‍ വര്‍ഖ 4 എന്നിവിടങ്ങളില്‍ ആര്‍ ടി എ നിലവില്‍ ഇന്റേണല്‍ റോഡുകള്‍ നിര്‍മിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ നിലവിലുള്ള ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും നിര്‍മിക്കും. അല്‍ വര്‍ഖ 4ലെ സ്‌കൂള്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന് ചുറ്റുമുള്ള നവീകരണവും 136 വില്ലകള്‍ ഉള്‍പ്പെടുന്ന അതേ പ്രദേശത്തെ മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോജക്റ്റിന്റെ റോഡ് വര്‍ക്കുകളും ആര്‍ ടി എ പൂര്‍ത്തിയാക്കിയിട്ടുണ്ട്.