Connect with us

Kerala

സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്; വഴിതടഞ്ഞുള്ള സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ലെന്നും കോടതി

Published

|

Last Updated

കൊച്ചി | പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും വഴിതടഞ്ഞുള്ള സമരത്തെ തുടര്‍ന്നുള്ള കോടതിയലക്ഷ്യ കേസില്‍ സി പി എം, കോണ്‍ഗ്രസ്സ് നേതാക്കളെ വിമര്‍ശിച്ച് കോടതി വ്യക്തമാക്കി.

വിഷയത്തില്‍ രൂക്ഷ വിമര്‍ശമാണ് ഹൈക്കോടതി ഉന്നയിച്ചത്. പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയില്‍ സ്റ്റേജ് കെട്ടുന്നത് അനുമതിയില്ലാതെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ലെന്നും കോടതി പറഞ്ഞു.

സി പി എം നേതാക്കളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, വി ജോയ്, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, കോണ്‍ഗ്രസ്സ് നേതാക്കളായ ടി ജെ വിനോദ് എം എല്‍ എ, ഡൊമിനിക് പ്രസന്റേഷന്‍, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ശിയാസ് എന്നിവരാണ് കോടതിയക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ നേരിട്ട് ഹാജരായത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരും ഹൈക്കോടതിയില്‍ ഹാജരായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിരുപാധികം മാപ്പപേക്ഷ നല്‍കിയതുകൊണ്ട് മാത്രമായില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വഞ്ചിയൂരില്‍ സി പി എം ഏരിയാ സമ്മേളനത്തിന് വേണ്ടിയാണ് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയത്. വഞ്ചിയൂര്‍ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് സമരം ചെയ്ത കോണ്‍ഗ്രസ്സ്, സി പി ഐ നേതാക്കള്‍ക്കെതിരെയും പോലീസ് നടപടിയെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest