Kerala
റോഡ് സുരക്ഷ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കൊനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
തുടര്‍ നിയമ ലംഘനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
തിരുവനന്തപുരം | സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് (എം വി ഡി). ഏറെ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോത്തിന് 2000 രൂപ പിഴ ഈടാക്കാനാണ് എം വി ഡിയുടെ തീരുമാനം. ഒപ്പം ലൈസന്‍സില്ലാതെ നിരത്തില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവരില്‍ നിന്ന് 5000 രൂപ ഈടാക്കും.
ഇതോടൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 129 ന്റെ ചുവടുപിടിച്ചാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ നിയമ ലംഘനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റില്ലാത്ത യാത്രക്ക് 500 രൂപ, രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 1000 രൂപ, ലൈസന്‍സില്ലാതെയുള്ള യാത്രക്ക് 5000 രൂപ, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 2000 രൂപ, അമിത വേഗത്തിന് 2000 രൂപ, മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10,000 രൂപ, രണ്ടാംതവണ രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ, ഇന്‍ഷ്വറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000, രണ്ടാം തവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ, ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 1000 രൂപ, സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ 500 രൂപ, ആവര്‍ത്തിച്ചാല്‍ 1000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തുക.
ഈ മാസം 20 മുതല്‍ 14 ജില്ലകളിലായി 675 എ ഐ (നിര്‍മിത ബുദ്ധി) കാമറകള്‍ വഴി പിഴയിട്ടു തുടങ്ങും. അന്നുമുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പി വി സി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും. തുടര്‍ നിയമലംഘനങ്ങള്‍ നടത്തിയാല്‍ പിടികൂടുന്നതിനുണ്ടായിരുന്ന പരിമിതി ഇതുവഴി മറികടക്കാനാകും.