Connect with us

From the print

റോഡ് ടു മക്ക പദ്ധതി; പ്രധാനമന്ത്രിക്കും സഊദി ഭരണാധികാരിക്കും കത്തയച്ച് ഗ്രാൻഡ് മുഫ്തി

ഏറ്റവും കൂടുതൽ വിദേശ തീർഥാടകരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ പദ്ധതിയിൽ ഭാഗമാക്കുന്നതിന് ഇടപെടൽ തേടി ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലേക്കും സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഗ്രാൻഡ് മുഫ്തി കത്തയച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് തീർഥാടനം കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാനുള്ള സഊദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയായ “റോഡ് ടു മക്ക’യിൽ ഇന്ത്യയെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഊദി ഭരണാധികാരി സൽമാൻ രാജാവിനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ കത്തയച്ചു.

ഏറ്റവും കൂടുതൽ വിദേശ തീർഥാടകരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ പദ്ധതിയിൽ ഭാഗമാക്കുന്നതിന് ഇടപെടൽ തേടി ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലേക്കും സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഗ്രാൻഡ് മുഫ്തി കത്തയച്ചിട്ടുണ്ട്.
സൽമാൻ രാജാവ് 2019ൽ ഉദ്ഘാടനം ചെയ്ത സഊദിയുടെ ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായി ഹജ്ജ് കർമങ്ങൾ എളുപ്പത്തിലും സുഖകരമായും നിർവഹിക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് റോഡ് ടു മക്ക. ഇതുപ്രകാരം ഹാജിമാർക്ക് അവരുടെ രാജ്യത്തെ വിമാനത്താവളത്തിൽ നിന്നുതന്നെ സഊദി അറേബ്യയുടെ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സഊദിയിലെത്തിയാൽ നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ ആഭ്യന്തര യാത്രക്കാരെ പോലെ നേരിട്ട് മക്കയിലേക്കും മദീനയിലേക്കും താമസ സ്ഥലത്തേക്കും വളരെ വേഗത്തിൽ പോകാൻ ഹാജിമാർക്ക് ഇത് മുഖേന കഴിയും.

കൂടാതെ അതത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ ലഗേജുകൾ ശേഖരിക്കുകയും താമസസ്ഥലത്തേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യുന്ന സൗകര്യവും സാധ്യമാകും. എമിഗ്രേഷനു വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും ലഗേജ് നീക്കം സുഖപ്രദമാക്കാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇന്ത്യയിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളായ വിമാനത്താവളങ്ങളിൽ സഊദി പാസ്സ്പോർട്ട് മന്ത്രാലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക മാത്രമാണ് പദ്ധതിയിലിടം നേടാൻ ചെയ്യേണ്ടത്. ഇതിനകം ഇന്തോനേഷ്യ, പാകിസ്താൻ, മലേഷ്യ, മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയിൽ അംഗമായിട്ടുണ്ട്.

ആസന്നമായ ഹജ്ജിലും വിദേശ തീർഥാടകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തിൽ പദ്ധതിയിൽ അംഗമാക്കാൻ സഊദി ഭരണാധികാരികളുമായി നയതന്ത്ര-ഭരണ ഇടപെടലുകൾ നടത്തണമെന്നും സ്ത്രീകളും പ്രായമായവരും അടങ്ങുന്ന രാജ്യത്തെ ആയിരക്കണക്കിന് തീർഥാടകർക്ക് പദ്ധതി ഏറെ ഗുണകരമാകുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഗ്രാൻഡ് മുഫ്തി ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ആഗോള മതസൗഹാർദത്തിന് കരുത്തുപകരാനും പദ്ധതിയുപകരിക്കുമെന്നും ഗ്രാൻഡ് മുഫ്തി സൂചിപ്പിച്ചു.

Latest