articles
മരണം ഒളിഞ്ഞിരിക്കുന്ന റോഡുകൾ
റോഡുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അറ്റകുറ്റപ്പണികൾ അനിവാര്യമാണ്. പല മേഖലകളിലും ഈ പ്രവർത്തനങ്ങൾ ഉത്തരവാദിത്വമില്ലാതെയാണ് നിർവഹിക്കപ്പെടുന്നത്. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മറ്റൊരു പ്രധാനമായ ആശങ്ക.
കേരളത്തിലെ റോഡുകളിൽ നിന്നുള്ള ദാരുണമായ വാർത്തകൾ കേട്ടും കണ്ടുമാണ് ഓരോ ദിനവും ഉണരുന്നത്. ഈ മാസം മൂന്നിന് നടന്ന സംഭവങ്ങൾ പരിശോധിച്ചപ്പോൾ പൊതുവായ ചില ഘടകങ്ങൾ കാണാനായി. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അഭാവം, മോശം അടിസ്ഥാന സൗകര്യങ്ങൾ, ഭരണപരമായ പരാജയങ്ങൾ. ഈ അപകടങ്ങളിൽ ഇരയായവരിൽ എല്ലാവരും യുവാക്കളായിരുന്നു എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. ഭാവിയുടെ മനുഷ്യ വിഭവശേഷിയെ ഇത്തരം തുടർച്ചയായ അപകടങ്ങൾ ക്ഷതമേൽപ്പിക്കുന്നു. ആദ്യത്തെ വാർത്ത ആലപ്പുഴയിൽ നിന്നായിരുന്നു, കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ അഞ്ച് പേർ മരിച്ചു. പിന്നീട് ഒരാൾ കൂടി മരണത്തിന് കീഴടങ്ങി.
വിദ്യാർഥികളുടെ പരിചയക്കുറവ്, കനത്ത മഴ കാരണമുള്ള കാഴ്ചക്കുറവ്, അമിതഭാരം എന്നിവയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ. രണ്ടാമത്തെ സംഭവത്തിൽ കണ്ണൂർ ഇരിട്ടിയിൽ മരം കാറിനുമുകളിൽ വീണ് വാഹനം കുളത്തിലേക്ക് മറിഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന ഒരു വിദ്യാർഥിക്ക് ഈ അപകടത്തിൽ ജീവൻ നഷ്ടമായി. ഇത് കേരളത്തിലെ റോഡുകളിൽ നിലവിലുള്ള പാരിസ്ഥിതിക അപകടങ്ങളെ അടിവരയിടുന്നു. തൃശൂരിൽ നടന്ന മൂന്നാമത്തെ സംഭവത്തിൽ റോഡിൽ ഉപേക്ഷിക്കപ്പെട്ട ടാർ മാലിന്യത്തിൽ മോട്ടോർ സൈക്കിൾ ഇടിച്ച് ഒരു മരണത്തിനും മറ്റൊരാൾക്ക് പരുക്കേൽക്കുന്നതിനും ഇടയാക്കി. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമായ പോരായ്മകളും റോഡ് അറ്റകുറ്റപ്പണികളിലെ കാര്യക്ഷമതയില്ലായ്മയും എടുത്തുകാട്ടുന്നു. കണ്ണൂരിൽ രണ്ട് കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരുക്കേറ്റ അടുത്ത ദിവസമാണ് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ഈ അപകടങ്ങളെല്ലാം പൊതുവായ ആശങ്കകൾ പങ്കിടുന്നു. കേരളത്തിലെ റോഡുകൾ കേവലം അപകടങ്ങൾക്ക് സാധ്യതയുള്ളവയല്ല, മറിച്ച് അവ മാരകമായ അപകട കേന്ദ്രമായി മാറുകയാണ്, പ്രത്യേകിച്ച് യുവാക്കൾക്ക്.
ഇരകൾ യുവാക്കൾ
കേരളത്തിലെ റോഡപകടങ്ങളെ ഏറ്റവും ഭയാനകമാക്കുന്നത് യുവാക്കളുടെ വർധിച്ച എണ്ണമാണ്. റോഡപകട മരണങ്ങളുടെ ഒരു പ്രധാന ഭാഗം 18നും 25നും ഇടയിൽ പ്രായമുള്ളവരിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴ അപകടത്തിൽ മരിച്ച അഞ്ച് പേരും 19 വയസ്സുള്ളവരായിരുന്നു. പരിചയക്കുറവും അപകടകരമായ പെരുമാറ്റവും പലപ്പോഴും യുവ ഡ്രൈവർമാരെ റോഡിൽ സുരക്ഷിതമല്ലാത്ത തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു. നിയമപരമായ ഡ്രൈവിംഗ് പ്രായം 18 ആണ്. എന്നാൽ പല യുവാക്കൾക്കും ട്രാഫിക് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ആവശ്യമായ പക്വതയും പരിചയവും ഈ പ്രായത്തിലും ലഭിക്കുന്നില്ല. അത്തരം മരണങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ സംസ്ഥാനം മുന്നോട്ട് വെച്ചിട്ടുണ്ട്. എങ്കിലും ശരിയായ റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അഭാവം ഇവിടെ കാണാനാകും.
കാലാവസ്ഥ
കനത്ത മഴക്കിടെ ആലപ്പുഴയിലുണ്ടായ അപകടം ഡ്രൈവിംഗ് സുരക്ഷയിൽ കാലാവസ്ഥയുടെ വില്ലൻ പങ്കാളിത്തം എടുത്തുകാണിക്കുന്നു. കേരളത്തിൽ ഇടക്കിടെ പെയ്യുന്ന മഴ ഡ്രൈവർമാർക്ക് സവിശേഷമായ വെല്ലുവിളി ഉയർത്തുന്നു. അത്തരം കാലാവസ്ഥയിൽ ദൃശ്യത പലപ്പോഴും ഗുരുതരമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയിൽ മറ്റ് വാഹനങ്ങളോ റോഡിലെ അപകടങ്ങളോ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്നു. അത്തരം സാഹചര്യങ്ങളിൽ, ഫോഗ് ലൈറ്റുകൾ അല്ലെങ്കിൽ പ്രൊജക്ടർ ഹെഡ്്ലൈറ്റുകൾ പോലുള്ള ഉപകരണങ്ങൾ ദൃശ്യത വർധിപ്പിക്കുന്നതിന് നിർണായകമാണ്. അത് മോശമായ കാലാവസ്ഥയിൽ അപകടങ്ങൾ കുറക്കാൻ സഹായിക്കും.
നിർഭാഗ്യവശാൽ, കേരള മോട്ടോർ വെഹിക്കിൾസ് ഡിപാർട്മെന്റ് (എം വി ഡി) അത്തരം പരിഷ്‌കരണങ്ങൾ നിരോധിച്ചിരിക്കുന്നു. ഈ നിലപാട് റോഡ് സുരക്ഷയുടെ കാര്യത്തിൽ സർക്കാറിന്റെ ഉത്തരവാദിത്വത്തിനുമേൽ ചോദ്യങ്ങളുയർത്തുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ഈ സുരക്ഷാ സവിശേഷതകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
മാത്രമല്ല, ഇത്തരം അപകടകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമല്ല. അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഗ്രാമീണ പ്രദേശങ്ങളിലാണ്. അവിടെ റോഡുകളിൽ പലപ്പോഴും മതിയായ വെളിച്ചവും വ്യക്തമായ സൂചനാ സംവിധാനങ്ങളും കൃത്യമായ അറ്റകുറ്റപ്പണികളും കാണാറില്ല. നിലവിലുള്ള തെരുവുവിളക്കുകൾ പലപ്പോഴും ശോചനീയാവസ്ഥയിലാണ്. ഇത് ഡ്രൈവർമാർക്ക് ഇരുണ്ട റോഡുകളിൽ നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. തുടർന്ന് അപകടങ്ങളുടെ സാധ്യത വർധിക്കുന്നു. പ്രത്യേകിച്ച് രാത്രികാല ഡ്രൈവിംഗിൽ.
കേരളത്തിന്റെ പ്രകൃതിസൗന്ദര്യം അതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണെങ്കിലും ചിലപ്പോൾ അത് അപകട കാരണമാകാറുണ്ട്. ഗ്രാമപ്രദേശങ്ങളിൽ റോഡരികിലുള്ള മരങ്ങൾ വേണ്ടത്ര ശ്രദ്ധയോടെ വെട്ടിയൊതുക്കിയതോ പരിപാലിച്ചതോ അല്ല. അവ കാഴ്ച മറക്കുമ്പോൾ അപകടമാകും ഫലം. ശക്തമായ കാറ്റിലോ മഴയിലോ മരങ്ങൾ റോഡിലേക്ക് വീഴാനുള്ള സാധ്യതയും വർധിക്കുന്നു. റോഡ് അറ്റകുറ്റപ്പണിയുടെ അഭാവം കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നു. അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്ലാത്തതും ദാരുണമായ അപകടത്തിന് കാരണമാകുന്നു.
റോഡ് വർക്ക് മാനേജ്‌മെന്റ്
തൃശൂരിലെ സംഭവം മറ്റൊരു പ്രശ്‌നം ഉയർത്തിക്കാട്ടുന്നുണ്ട്. അപര്യാപ്തമായ റോഡ് വർക്ക് മാനേജ്‌മെന്റാണത്. റോഡുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അറ്റകുറ്റപ്പണികൾ അനിവാര്യമാണ്. പല മേഖലകളിലും ഈ പ്രവർത്തനങ്ങൾ ഉത്തരവാദിത്വമില്ലാതെയാണ് നിർവഹിക്കപ്പെടുന്നത്. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മറ്റൊരു പ്രധാനമായ ആശങ്ക. ആലപ്പുഴയിൽ സെവൻ സീറ്റ് കാറിൽ അപകടസമയത്ത് 12 വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് റിപോർട്ട്. സംസ്ഥാനത്തെ സ്‌കൂൾ സംവിധാനങ്ങൾ റോഡ് സുരക്ഷയെക്കുറിച്ച് മതിയായ വിദ്യാഭ്യാസം നൽകുന്നില്ല. സീറ്റ് ബെൽറ്റിന്റെ പ്രാധാന്യം, വേഗപരിധി, അമിതഭാരം നിയന്ത്രിക്കൽ, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് യുവജനങ്ങൾ വളരുന്നത്.
ഈ വിദ്യാഭ്യാസക്കുറവും യുവത്വത്തിന്റെ അനുഭവക്കുറവും ചേർന്ന് മാരകമായ ഫലങ്ങൾക്ക് കാരണമാകുന്നു. വിവിധ ബോധവത്കരണ പരിപാടികളും സംരംഭങ്ങളും ഉണ്ടെങ്കിലും റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന് ഇപ്പോഴും സ്‌കൂൾ അല്ലെങ്കിൽ കമ്മ്യൂണിറ്റിതലങ്ങളിൽ മുൻഗണന നൽകിയിട്ടില്ല. ഒട്ടുമിക്ക റോഡ് സുരക്ഷാ പരിപാടികളും അഡ്ഹോക്ക് അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഔപചാരിക പാഠ്യപദ്ധതിയിലേക്ക് അവയെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളൊന്നുമില്ല.
തത്ഫലമായി, പുതിയ തലമുറയിലെ ഡ്രൈവർമാർക്ക് പലപ്പോഴും റോഡുകളിൽ സുരക്ഷിതരായിരിക്കാൻ ആവശ്യമായ അറിവും ശീലങ്ങളും ഇല്ല. കൂടാതെ, റോഡ് സുരക്ഷയോടുള്ള ഭരണപരമായ പ്രതികരണം മന്ദഗതിയിലാണ്. വടക്കാഞ്ചേരിയിലെ ദാരുണമായ സംഭവത്തിന് ശേഷം, റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വിശദീകരിച്ച് കേരള ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപോർട്ട് സമർപ്പിച്ചിരുന്നു. ദൗർഭാഗ്യവശാൽ, റിപോർട്ടിൽ നിന്നുള്ള ശിപാർശകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. മരണസംഖ്യ കുറക്കാനും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനും അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യമാണ്.