Kerala
പട്ടാപ്പകല്‍ ചിട്ടി സ്ഥാപനത്തില്‍ കവര്‍ച്ച: യുവതി അറസ്റ്റില്‍
പര്‍ദ ധരിച്ചെത്തിയ അക്രമി പുരുഷനാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. തുടര്‍ന്ന് ഒട്ടേറെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചത്.

തൃപ്പൂണിത്തറ | പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) ആണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സാന്‍ പ്രീമിയര്‍ ചിട്ടി സ്ഥാപനയുടമ കെഎന്‍ സുകുമാര മേനോനാണ് ആക്രമണത്തിനിരയായത്. പ്രതി മുളകുപൊടി സ്‌പ്രേ ചെയ്ത് ആക്രമിച്ച ശേഷം പണവും ആഭരണവും സ്ഥാപനത്തില്‍ നിന്നും കവര്‍ച്ച ചെയ്യുകയായിരുന്നു.
ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയുമാണ് മോഷണം പോയത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയാണ് ഫസീല. പര്‍ദ ധരിച്ചെത്തിയ അക്രമി പുരുഷനാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. തുടര്‍ന്ന് ഒട്ടേറെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചത്.
പ്രതി കവര്‍ച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കയറി കണ്ണന്‍കുളങ്ങരയെന്ന സ്ഥലത്ത് വന്നിറങ്ങി പര്‍ദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ഹില്‍പ്പാലസ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഫസീല രണ്ട് വര്‍ഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിനു സമീപമുള്ള ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൂടാതെ സ്ഥാപനത്തില്‍ മറ്റൊരാളുടെ പേരിലുള്ള ചിട്ടിക്ക് 2022 മുതല്‍ പണം അടയ്ക്കാനായി എല്ലാ മാസവും ഇവര്‍ എത്തുമായിരുന്നു. സ്ഥാപനത്തിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ പ്രതി ഓഫീസില്‍ സ്ഥാപന ഉടമമാത്രമുള്ള സമയം നോക്കി വന്ന് കവര്‍ച്ച നടത്തുകയായിരുന്നു.