kochi theft
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച: കള്ളന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഭാര്യ സേവനത്തിലൂടെ ജനങ്ങളുടെ മനം കവരുമ്പോള്‍ ഭര്‍ത്താവ് കളവുമുതല്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു നല്‍കിയും ജനപ്രിയനാവുന്നു.
കൊച്ചി: പനമ്പിള്ളി നഗറിലെ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യ നാട്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍ ആണ് ഇര്‍ഷാദിന്റെ ഭാര്യയെന്ന് പൊലീസ് കണ്ടെത്തി. ഈ ഹൈടെക് കള്ളനെ കോടതി മൂന്നു ദിവസം റിമാന്റ് ചെയ്തു. ഭാര്യയുടെ ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തും ഇയാള്‍ മോഷണം ആസൂത്രണം ചെയ്തു.
ഭാര്യ സേവനത്തിലൂടെ ജനങ്ങളുടെ മനം കവരുമ്പോള്‍ ഭര്‍ത്താവ് കളവുമുതല്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു നല്‍കിയും ജനപ്രിയനാവുന്നു. നാട്ടില്‍ റോഡ് വെട്ടാനും മറ്റും പണം നല്‍കുന്ന ഇയാള്‍ റോബിന്‍ഹുഡ് എന്നാണ് അറിയപ്പെടുന്നത്. നാട്ടില്‍ കവര്‍ച്ച നടത്താത്തതിനാല്‍ ആര്‍ക്കും ഇയാളെ പറ്റി പരാതികളില്ല. ഒരു സ്‌ക്രൂഡൈവര്‍ മാത്രമാണ് ഇയാളുടെ പണി ആയുധം. ആറോളം സംസ്ഥാനങ്ങളിലായി ഇര്‍ഷാദിനെതിരെ 19 മോഷണ കേസുകളുണ്ടെങ്കിലും അതൊന്നും ഇയാളുടെ ജനപ്രിയതയെ ബാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ജോഷിയുടെ വീട്ടില്‍ നിന്നു കോടികളുടെ മോഷണം നടത്തി മുംബയിലേക്കു മുങ്ങാനുള്ള നീക്കത്തിനിടെ പതിനഞ്ച് മണിക്കൂറിനകം ഇയാളെ പിടിക്കാനായത് കേരളാ പൊലീസിന് അഭിമാന നേട്ടമായി. പ്രതിയെ പിടികൂടാന്‍ കര്‍ണാടക പോലീസും സഹായിച്ചു.
രമണ്‍ ഗുപ്ത ഐപിഎസ് ആണ് കര്‍ണാകയിലെ കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തത്.
കൊച്ചി നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന ആഡംബര പാര്‍പ്പിട കേന്ദ്രങ്ങളെക്കുറിച്ചു പ്രതി ഗൂഗിളില്‍ നിന്നാണു വിവരങ്ങള്‍ ശേഖരിച്ചത്. ഇതനുസരിച്ച് കവര്‍ച്ച ആസൂത്രം ചെയ്താണ് ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയത്.
പനമ്പിള്ളിനഗറിലെ മൂന്ന് വീടുകളില്‍ കൂടി കവര്‍ച്ച നടത്താന്‍ ഇര്‍ഷാദ് ലക്ഷ്യമിട്ടെന്നാണ് പോലീസ് കരുതുന്നത്. ജോഷിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച എല്ലാം കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങളാണ് ജോഷിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടിലെ സിസിടിവിയില്‍ മുഖം പതിഞ്ഞത് മോഷ്ടാവിനു വിനയായി. സമീപപ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വാഹനത്തെ കുറിച്ച് സൂചന കിട്ടിയതും ആണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.