Kerala
വളപട്ടണത്തെ കവർച്ച; അന്വേഷണത്തിനായി 20 അംഗ സംഘത്തെ നിയോഗിച്ചു
അഷ്‌റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി ഉദ്യോഗസ്ഥ സംഘം എടുക്കും.
കണ്ണൂര്‍ | വളപട്ടണത്തെ വന്‍ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘത്തെ നിയോഗിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്‌റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി ഉദ്യോഗസ്ഥ സംഘം എടുക്കും.
കാസര്‍കോട് ,മംഗലാപുരം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. അഷ്‌റഫിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോയിരുന്നു.എന്നാല്‍ പോലീസ് നായ സഞ്ചരിച്ച വഴിയിലെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
19-ാം തീയതി മധുരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഷ്‌റഫും കുടുംബവും തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.