Kerala
റോബിൻ ബസ് ഉടമ ഗിരീഷിന് ചെക്ക് കേസിൽ ജാമ്യം
2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽ നിന്ന് ഗിരീഷിനെ ഇന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊച്ചി | ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം എ സി ജെ എം കോടതിയാണ് ജാമ്യം നൽകിയത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽ നിന്ന് ഗിരീഷിനെ ഇന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന ഗിരീഷിനെ കോടതിയിൽ ഹജാരാക്കുകയായിരുന്നു.
സർക്കാർ തന്നെ വേട്ടയാടുന്നുവെന്ന് ഗിരീഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബസ് പിടിച്ചെടുക്കരുതെന്ന് നിർദേശമുണ്ടായിട്ടും പലയിടത്തും ബസ് തടഞ്ഞ് പിഴ ഈടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് എം.വി.ഡി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയ റോബിൻ ബസ് എം വി ഡി പിടിച്ചെടുത്തിരുന്നു. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പിടിച്ചെടുത്തത്.