Kerala
റോബിന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു; ഒരു കി.മീ. പിന്നിട്ടപ്പോള്‍ തടഞ്ഞ് എംവിഡി
സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മൈലപ്രയില്‍ വെച്ച് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞുവെച്ച് പരിശോധിച്ചു. പരിശോധനയ്ക്കുശേഷം സര്‍വീസ് തുടരാന്‍ അനുവദിച്ചു.
പത്തനംതിട്ട| റോബിന്‍ ബസ് ഇന്ന് സര്‍വീസ് പുനരാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ബസ് പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടിലാണ് സര്‍വീസ് തുടങ്ങിയത്. കഴിഞ്ഞമാസം 24ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ബസ് ഉടമ ഇന്നലെ പോലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ച് ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടു കൊടുക്കുകയായിരുന്നു. ഇന്ന് സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മൈലപ്രയില്‍ വെച്ച് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞുവെച്ച് പരിശോധിച്ചു. പരിശോധനയ്ക്കുശേഷം സര്‍വീസ് തുടരാന്‍ അനുവദിച്ചു.
നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.