Connect with us

Kerala

റോബിന്‍ ഞായറാഴ്ചയും സര്‍വീസ് തുടര്‍ന്നു; കോയമ്പത്തൂരില്‍ കസ്റ്റഡിയിലായി

റോബിന്‍ ബസ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന്റെ കന്നി യാത്ര തുടങ്ങിയത് യാത്രക്കാര്‍ ആരുമില്ലാതായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  പരിശോധനയിലും പിഴയൊടുക്കലിലും പിന്‍മാറാതെ ഇന്നലെയും സര്‍വീസ് നടത്തിയ റോബിന്‍ ബസ് തമിഴ്‌നാട്ടില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കസ്റ്റഡിയിലായി.
ഇന്ന് പുലര്‍ച്ചെ അഞ്ചിനു തന്നെ കോയമ്പത്തൂര്‍ ബോര്‍ഡുമായി യാത്രക്കാരെയും കയറ്റി ബസ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ടു. ഉച്ചയോടെ കോയമ്പത്തൂരിലെത്തിയ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് ലംഘനത്തിനാണ് ബസ് പിടികൂടിയത്. നേരത്തെ തൊടുപുഴയിലെത്തുന്നതിനു മുന്പ് കരിങ്കുന്നത്ത് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് 7500 രൂപ പിഴയിട്ടിരുന്നു. നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്തു മിനിട്ടിനകം ബസ് കടത്തിവിട്ടു.

കോയമ്പത്തൂര്‍ ചാവടി ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ നികുതി ഉള്‍പ്പെടെ 70,410 രൂപ ഈടാക്കുകയും ചെയ്താണ്. ഇതനുസരിച്ച് ബസിന് 24വരെ തമിഴ്‌നാട്ടില്‍ ഓടാനുള്ള അനുമതി ലഭിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെ തമിഴ്‌നാട് ചെക്ക് പോസ്റ്റ് കടന്ന ബസ് കോയന്പത്തൂര്‍ വെസ്റ്റ് ആര്‍ടിഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്താണ് നിയമലംഘനമെന്നു വ്യക്തമല്ലെന്നും കേരള സര്‍ക്കാര്‍ മാനം കാക്കാന്‍ വേണ്ടി തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പിനെ ഉപയോഗിക്കുകയായിരുന്നുവെന്നും ഉടമ ഗിരീഷ് പറഞ്ഞു.

മുന്പില്‍ പാഞ്ഞ് കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്

റോബിന്‍ ബസ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന്റെ കന്നി യാത്ര തുടങ്ങിയത് യാത്രക്കാര്‍ ആരുമില്ലാതായിരുന്നു. പത്തനംതിട്ടയില്‍ നിന്നും കോയന്പത്തൂരിലേക്ക് കെഎല്‍ 15 എ 909 രജിസ്‌ട്രേഷനുള്ള നമ്പറുള്ള ലോ ഫ്‌ലോര്‍ എസി ബസാണ് പുലര്‍ച്ചെ 4 .30ന് പുറപ്പെട്ടത്. യാത്ര തിരിക്കുന്നതിന് അഞ്ച് മിനിട്ട് മുന്പ് ബസ് സ്റ്റാന്‍ഡ് പിടിച്ചെങ്കിലും ആരും കയറിയില്ല. ശബരിമല തീര്‍ഥാടനകാലം ആയതിനാല്‍ റിസര്‍വേഷനിലൂടെയും നേരിട്ടും യാത്രക്കാരെ കെഎസ്ആര്‍ടിസി പ്രതീക്ഷിച്ചിരുന്നു. റോബിന്‍ ബസിന്റെ അതേ റൂട്ടിലാണ് കെഎസ്ആര്‍ടിസിയും ഓടിയത്.
ഇതിനിടെ ബസിന് പെര്‍മിറ്റില്ലെന്ന വാദം കെഎസ്ആര്‍ടിസി തള്ളി. എറണാകുളത്തു നിന്ന് കോയന്പത്തൂരിനു സര്‍വീസ് നടത്തിവന്ന ബസാണിത്. ഇത് പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തിനകത്ത് എവിടെ സര്‍വീസ് നടത്താനും കെഎസ്ആര്‍ടിസിക്ക് ഒരു പെര്‍മിറ്റ് മതി. കോയന്പത്തൂരിലേക്ക് നിലവില്‍ പെര്‍മിറ്റുള്ള ബസാണ് ഓടിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
2015 ല്‍ ആണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2028 വരെ വാഹനത്തിന് പെര്‍മിറ്റുണ്ട്. തൃശ്ശൂരില്‍ നിന്നും വാളയാര്‍ വഴി കോയമ്പത്തൂരിലേക്ക് പോകാനുള്ള പെര്‍മിറ്റാണ് ഈ ബസിനുള്ളത്.

 

Latest