Editors Pick
മനുഷ്യനൊപ്പം ഓടാൻ റോബോട്ടും; ലോകത്തിലെ ആദ്യ മനുഷ്യ-റോബോട്ട് മാരത്തോണുമായി ചൈന
മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ റോബോട്ടുകൾ മത്സരിക്കുന്ന ആദ്യ മാരത്തോണായിരിക്കും ഡാഷിങ്ങിലേത്
ഷാങ്‌ഹായ് | മാരത്തോൻ എന്താണെന്ന് നമുക്കെല്ലാം അറിയാം. ഒരു കൂട്ടം മനുഷ്യർ ദീർഘദൂരത്തിൽ നടത്തുന്ന ഓട്ടമാണ് മാരത്തോൺ. എന്നാൽ ഈ നിർവചനത്തിൽ ചെറിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ചൈന. ചൈനയിൽ സംഘടിപ്പിക്കുന്ന മാരത്തോണിൽ മനുഷ്യർ മാത്രമല്ല, ,റോബോട്ടുകളും കൂടെ ഓടും.
മനുഷ്യരേയും റോബോട്ടുകളെയും പങ്കെടുപ്പിച്ച് ലോകത്തിൽ ആദ്യമായി മാരത്തോൺ സംഘടിപ്പിക്കുകയാണ് ചൈന. ഏപ്രിലിൽ സംഘടിപ്പിക്കുന്ന മാരത്തോണിൽ 12,000 മനുഷ്യർക്കൊപ്പമാണ് റോബോട്ടുകൾ മാറ്റുരയ്‌ക്കുക. ബീജിങ്ങിലെ ഡാഷിങ് ജില്ലയിയാണ് ‘ഹാഫ് മാരത്തോൺ’ സംഘടിപ്പിക്കുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റോബോട്ടുകളായാലും മനുഷ്യരായാലും ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് പ്രൈസ് മണിയും ലഭിക്കും.
റോബോട്ടുകളും പങ്കെടുക്കുന്നതിനാൽ നിബന്ധനകളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചക്രങ്ങൾ ഉപയോഗിച്ചുള്ള റോബോർട്ടുകൾക്ക് മാരത്തോണിന്‍റെ ഭാഗമാവാൻ സാധിക്കില്ല.
മനുഷ്യരൂപമുള്ള റോബോർട്ടുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുള്ളൂ. 0.5 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരമുള്ളവയായിരിക്കണം റോബോട്ടുകൾ എന്ന നിബന്ധനയുമുണ്ട്. ഓട്ടോമാറ്റിക് റോബോട്ടുകൾക്കും റിമോട്ട് കൺട്രോൾഡ് റോബോട്ടുകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിനിടയിൽ റോബോട്ടുകളുടെ ബാറ്ററി മാറ്റുകയും ചെയ്യാം. 20 കമ്പനികളിൽ നിന്നുള്ള റോബോട്ടുകളാണ് മാരത്തോണിൽ പങ്കെടുക്കുക.ചൈനയുടെ ‘എംബോഡിഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റോബോട്ടിക്സ് ഇന്നൊവേഷൻ സെന്‍റർ’ വികസിപ്പിച്ച ‘ടിയാൻഗോങ്’ ആണ് മാരത്തോണിൽ പങ്കെടുക്കുന്ന പ്രധാന റോബോട്ട്.
മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ സാധിക്കുന്ന റോബോട്ടാണ് ടിയാൻഗോങ്. കഴിഞ്ഞ വർഷം ബീജിങ്ങിൽ സംഘടിപ്പിച്ച മറ്റൊരു ഹാഫ് മാരത്തോണിൽ പരീക്ഷണാർത്ഥം മനുഷ്യരോടൊപ്പം ടിയാൻഗോങ് ഓടി ചരിത്രം ശ്രഷ്‌ടിച്ചിരുന്നു. മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ റോബോട്ടുകൾ മത്സരിക്കുന്ന ആദ്യ മാരത്തോണായിരിക്കും ഡാഷിങ്ങിലേത്.