Editorial
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മനുഷ്യത്വം അര്‍ഹിക്കുന്നു
പൗരാണിക കാലം മുതല്‍ രാജ്യം പുലര്‍ത്തി വന്ന ധര്‍മങ്ങള്‍ക്കും നയങ്ങള്‍ക്കും കടകവിരുദ്ധമാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ഇന്ത്യൻ ഭരണകൂടം സ്വീകരിക്കുന്ന നിലപാട്.
അഭയാര്‍ഥികളോട് രാഷ്ട്രങ്ങള്‍ കാണിക്കേണ്ട മനുഷ്യത്വപരമായ നിലപാടല്ല ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ഭരണകൂടം കാണിക്കുന്നതെന്നും തടങ്കല്‍ പാളയങ്ങളില്‍ കൊടിയ ദുരിതമാണ് അവര്‍ അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. “ദി ക്വിന്റ്’ നടത്തിയ അന്വേഷണമാണ് ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരന്തകഥ പുറത്തു കൊണ്ടുവന്നത്. റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി അഭയ കേന്ദ്രങ്ങളിലോ ജുവനൈല്‍ ഹോമുകളിലോ ആണ് താമസിപ്പിക്കുന്നത്. തന്മൂലം കുട്ടികള്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. ദമ്പതികളെയും വേര്‍തിരിച്ച് വ്യത്യസ്ത പാളയങ്ങളിലാണ് പാര്‍പ്പിക്കുന്നത്. എവിടെയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമെന്ന് തടവിലാക്കപ്പെട്ട സ്ത്രീകള്‍ക്കറിയില്ല. മൗലികാവകാശങ്ങളുടെയും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ന്റെയും നഗ്നമായ ലംഘനമാണിത്.
ടോയ്‌ലറ്റുകളിലെ ജലക്ഷാമം കാരണം തടങ്കല്‍ പാളയത്തിലെ അന്തേവാസികള്‍ വൃത്തിഹീനമായ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വൃത്തിഹീനവും മലിനവുമായ സാഹചര്യവും തടങ്കല്‍ പാളയത്തിലെ സൂര്യപ്രകാശത്തിന്റെ അഭാവവും കാരണം ഗുരുതര രോഗങ്ങള്‍ ബാധിക്കുന്നു. രോഗബാധിതരായാല്‍ മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും അന്വേഷണ സംഘത്തോട് അന്തേവാസികള്‍ വെളിപ്പെടുത്തി. അഭയാര്‍ഥികളില്‍ ബഹുഭൂരിഭാഗത്തെയും തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചതു തന്നെ നിയമവിരുദ്ധമായാണെന്നും ആരോപിക്കപ്പെടുന്നു. ക്രിമിനല്‍ കുറ്റങ്ങളൊന്നുമില്ലാതെയാണ് പലരും വര്‍ഷങ്ങളായി തടവില്‍ കഴിയുന്നത്.
ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്മറില്‍ നിന്ന്, ഭൂരിപക്ഷ സമുദായത്തിന്റെയും ഭരണകൂടത്തിന്റെയും വംശഹത്യയും അസഹ്യമായ പീഡനവും കാരണം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയവരാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. മ്യാന്മറില്‍ മുസ്‌ലിം വിഭാഗം കൂടുതലുള്ള റാഖിനെ മേഖലയില്‍ 2015 മുതല്‍ നടന്നു വരുന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് പതിനായിരങ്ങളാണ് ജീവന്‍ രക്ഷിക്കാനായി ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിയത്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്ക് പ്രകാരം 40,000ത്തോളമാണ് ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യക്കാരുടെ എണ്ണം. ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി കമ്മീഷന്റെ റിപോര്‍ട്ടനുസരിച്ച് ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
നേരത്തേ ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് അഭയാര്‍ഥികളോടും ടിബറ്റ് അഭയാര്‍ഥികളോടും ശ്രീലങ്കന്‍ അഭയാര്‍ഥികളോടും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടല്ല റോഹിംഗ്യന്‍ അഭയാര്‍ഥികളോട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് അഭയാര്‍ഥികളെയും 1959ലെ ചൈന വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ ദലൈലാമയെയും സംഘത്തെയും ഇന്ത്യ കൈനീട്ടി സ്വീകരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികളോടും രാജ്യം ഇതേ നിലപാട് കൈക്കൊണ്ടു. അതേസമയം, അനധികൃത കുടിയേറ്റക്കാരായാണ് മോദി സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ കാണുന്നത്. 2019ല്‍ പൗരത്വ നിയമ ഭേദഗതി ചര്‍ച്ചക്കിടെ, റോഹിംഗ്യകള്‍ പീഡിപ്പിക്കപ്പെട്ട വിഭാഗമായിട്ടു കൂടി എന്തുകൊണ്ട് അഭയം നല്‍കുന്നില്ലെന്ന ചോദ്യത്തിന്, അവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി.
“റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. അവര്‍ക്ക് പാക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. കള്ളപ്പണ ഇടപാട്, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് മനുഷ്യക്കടത്ത് തുടങ്ങി വന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു’ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് 2017ല്‍ ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ആര്‍ എസ് എസ് ആണല്ലോ മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്. റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കരുതെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും 2017ലെ വിജയദശമി പ്രഭാഷണത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അന്ധമായ മുസ്‌ലിം വിരോധമാണ് കേന്ദ്ര സര്‍ക്കാറിന്റെയും ആര്‍ എസ് എസിന്റെയും നിലപാടിനു പിന്നില്‍.
അതേസമയം എല്ലാ വിഭാഗം അഭയാര്‍ഥികളോടും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാനാണ് സുപ്രീം കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടത്. അഭയാര്‍ഥികള്‍ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന വാദം അര്‍ഥശൂന്യമാണെന്നും ഇന്ത്യയില്‍ സംരക്ഷണം നല്‍കാതെ തിരിച്ചയക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും നിരീക്ഷിച്ച സുപ്രീം കോടതി, ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 21ാം അനുഛേദത്തിന് വിരുദ്ധമാണ് അവരെ തിരിച്ചയക്കുന്ന നടപടിയെന്നും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവരും- അംഗീകൃത പൗരന്മാരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ- ഈ അനുഛേദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം.
പൗരാണിക കാലം മുതല്‍ രാജ്യം പുലര്‍ത്തി വന്ന ധര്‍മങ്ങള്‍ക്കും നയങ്ങള്‍ക്കും കടകവിരുദ്ധമാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാട്. സ്വന്തം രാജ്യത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ നിര്‍ബന്ധിതരായാണ് ഇതര രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. അഭയം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജീവനും ജീവിതത്തിനും വേണ്ടി അലയുന്ന ഇത്തരമാളുകളെ രണ്ട് കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തുണ്ടായിരുന്നത്. മോദി സര്‍ക്കാര്‍ ആ പാരമ്പര്യം വിസ്മരിക്കരുത്.