Connect with us

Ongoing News

കുട്ടി ക്രിക്കറ്റില്‍ രോഹിതും ഇനിയില്ല; കോലിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു

നായകനെന്ന നിലയില്‍ ഇന്ത്യക്കായി ലോക കിരീടം നേടിക്കൊടുക്കാനായതിന്റെ അഭിമാനത്തോടെയാണ് രോഹിത് ടി20 ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത്.

Published

|

Last Updated

ബാര്‍ബഡോസ് | വിരാട് കോലിക്കു പിന്നാലെ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇന്നലെ ലോകകപ്പ് കിരീട നേട്ടത്തിനു ശേഷമാണ് ഇരുവരും അന്താരാഷ്ട്ര കുട്ടി ക്രിക്കറ്റില്‍ ഇനിയില്ലെന്ന പ്രഖ്യാപനം നടത്തിയത്.

നായകനെന്ന നിലയില്‍ ഇന്ത്യക്കായി ലോക കിരീടം നേടിക്കൊടുക്കാനായതിന്റെ അഭിമാനത്തോടെയാണ് രോഹിത് ടി20 ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനാണ് രോഹിത്. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഇത്തവണത്തെ ടി20 ലോകകപ്പിലും രോഹിതിന്റെ നായകത്വം ഏറെ പ്രശംസ നേടിയിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫൈനലില്‍ ഫോമിലേക്കുയരാനായില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ 36.71 ശരാശരിയില്‍ 257 റണ്‍സ് തന്റെ പേരില്‍ കുറിക്കാന്‍ രോഹിതിനു കഴിഞ്ഞു. എട്ട് മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഇത്രയും റണ്‍സ് നേടിയത്. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട് ഹിറ്റ്മാന്‍.

2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. അതിനുശേഷം ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 159 മത്സരങ്ങളില്‍ 151 ഇന്നിംഗ്‌സുകളില്‍ നിന്നായി 4,231 റണ്‍സ് വാരിക്കൂട്ടാനും താരത്തിനു കഴിഞ്ഞു. 32.05 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ്: 140.89. പുറത്താവാതെ നേടിയ 121 റണ്‍സാണ് രോഹിതിന്റെ ടി20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ശതകം നേടിയ രോഹിത് ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം പങ്കിടുന്നുണ്ട്. 32 അര്‍ധ സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്.

 

 

Latest