Connect with us

Ongoing News

രോഹിത് ഒഴിഞ്ഞു; മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഇനി ഹാര്‍ദിക് പാണ്ഡ്യ

ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെന്ന് ടീമിന്റെ 'ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ്' ആയ മഹേല ജയവര്‍ധനെ വെളിപ്പെടുത്തി.

Published

|

Last Updated

മുംബൈ | ഐ പി എല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദികിനെ നായകനാക്കിയത്. പത്ത് വര്‍ഷത്തോളം ടീമിനെ നയിച്ച രോഹിത് നായക സ്ഥാനം ഒഴിഞ്ഞതായി ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെന്ന് ടീമിന്റെ ‘ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ്’ ആയ മഹേല ജയവര്‍ധനെ വെളിപ്പെടുത്തി. ടീമിന് രോഹിത് നല്‍കിയ അസാധാരണ നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും ജയവര്‍ധനെ പറഞ്ഞു.

2013 മുതല്‍ മുംബൈയെ നയിക്കുന്ന രോഹിത് ടീമിന് അഞ്ച് ഐ പി എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് അടുത്തിടെയാണ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 2015 മുതല്‍ 2011 വരെ മുംബൈ ടീമിന്റെ ഭാഗമായിരുന്ന പാണ്ഡ്യ നീല ജഴ്സിയില്‍ 92 മത്സരങ്ങള്‍ കളിച്ചു. 153ല്‍ അധികം സ്ട്രൈക്ക് റേറ്റില്‍ 27.33 ശരാശരിയില്‍ 1,476 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണിത്. മികച്ച സ്‌കോര്‍ 91. താരം 42 വിക്കറ്റുകളും വീഴ്ത്തി. 3/20 ആണ് മികച്ച ബൗളിംഗ് പ്രകടനം.

2015ല്‍ അണ്‍ ക്യാപ്ഡ് കളിക്കാരനായി പത്ത് ലക്ഷം രൂപക്കാണ് പാണ്ഡ്യ ഐ പി എല്‍ യാത്ര ആരംഭിച്ചത്. 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈയുടെ കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2022 സീസണിന് തൊട്ടുമുമ്പ് മുംബൈ വിട്ടു. ഗുജറാത്ത് ടൈറ്റന്‍സിലെത്തി, രണ്ട് സീസണുകളില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ചു. 2022ല്‍ കിരീടം നേടി. 2022- 23 കാലയളവില്‍ ഗുജറാത്തിനായി 31 മത്സരങ്ങള്‍ കളിച്ചു. 37.86 ശരാശരിയിലും 133ല്‍ അധികം സ്ട്രൈക്ക് റേറ്റിലും 833 റണ്‍സ് നേടി. 87 നോട്ടൗട്ടാണ് മികച്ച ബൗളിംഗ് പ്രകടനം. 11 വിക്കറ്റുകളും വീഴ്ത്തി.