Connect with us

ipl 2021

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ അപൂര്‍വ്വ നേട്ടവുമായി രോഹിത് ശര്‍മ്മ

ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരാണ് രോഹിത്തിന് പിന്നാലെ ഈ നേട്ടത്തിന് അരികെയുള്ളത്

Published

|

Last Updated

അബൂദബി | ഐ പി എല്‍ ഈ സീസണിലെ മുപ്പത്തി നാലാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ വ്യത്യസ്തമായൊരു റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യന്‍സ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏതെങ്കിലുമൊരു ഒറ്റ എതിരാളിക്കെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ ആയിരിക്കുകയാണ് രോഹിത് ശര്‍മ്മ. കൊല്‍ക്കത്തക്കെതിരെ തന്റെ ആയിരം റണ്‍സ് നേട്ടം പൂര്‍ത്തിയാക്കിയതോടെയാണ് രോഹിത് അപൂര്‍വ്വമായ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മാച്ചിന്റെ ആദ്യ ബോളില്‍ തന്നെ ബൗണ്ടറി നേടി കളിയാരംഭിച്ച് രോഹിത്തിന് പിന്നീട് ഈ നേട്ടത്തിലെത്താന്‍ പതിനെട്ട് റണ്‍സ് വേണമായിരുന്നു. നാലാം ഓവറിനുള്ളില്‍ തന്നെ രോഹിത് ഈ നേട്ടം സ്വന്തമാക്കി. തുടര്‍ച്ചയായ ഓവറുകളില്‍ നാല് ഫോറുകള്‍ രോഹിത് ഇതിനിടെ നേടി.

കൊല്‍ക്കത്തക്കെതിരെ 46 റണ്‍സാണ് രോഹിത്തിന്റെ ആവറേജ്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും കൊല്‍ക്കത്തക്കെതിരെ രോഹിത് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരാണ് രോഹിത്തിന് പിന്നാലെ ഈ നേട്ടത്തിന് അരികെയുള്ളത്.

സണ്‍റൈസേഴ്‌സ് താരമായ വാര്‍ണറിന് പഞ്ചാബിനെതിരെ 943 റണ്‍സും കൊല്‍ക്കത്തെക്കെതിരെ 915 റണ്‍സും സമ്പാദ്യമുണ്ട്. ഡല്‍ഹിക്കെതിരെ 909 റണ്‍സും ചെന്നൈക്കെതിരെ 895 റണ്‍സുമാണ് കോലിയുടെ നേട്ടം.

---- facebook comment plugin here -----

Latest