International
പശു വിഴുങ്ങിയ റോളക്സ് വാച്ച് അരനൂറ്റാണ്ടിന് ശേഷം കണ്ടെടുത്തു
അസ്വസ്ഥത തോന്നിയ പശുവിനെ മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് വാച്ച് കണ്ടെത്തിയത്.
ലണ്ടൻ | പശു വിഴുങ്ങിയ റോളക്സ് വാച്ച് അരനൂറ്റാണ്ടിന് ശേഷം കണ്ടെടുത്തു. ഓസ്വെസ്ട്രിയിലെ മോര്‍ഡ പ്രദേശത്താണ് സംഭവം. തൊണ്ണൂറ്റഞ്ച് വയസ്സുള്ള ജെയിംസ് സ്റ്റീല്‍ എന്ന ബ്രീട്ടിഷ് പൗരന്‍റേതാണ് പശു. അമ്പത് വര്‍ഷം മുമ്പ് പുല്ല് കൊടുക്കുന്നതിനിടെ സ്ട്രാപ് പൊട്ടി പുല്‍ത്തൊട്ടിയില്‍ വീണ വിലപിടിപ്പുള്ള റോളക്സ് വാച്ച് പുല്ലിനൊപ്പം പശു അകത്താക്കുകയായിരുന്നു.
അസ്വസ്ഥത തോന്നിയ പശുവിനെ മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് വാച്ച് കണ്ടെത്തിയത്. വിലപിടിപ്പുള്ള വാച്ചാണ് റോളക്സ്. അക്കാലത്ത് അതി സമ്പന്നര്‍ മാത്രമുപയോഗിച്ചിരുന്ന വാച്ചില്‍ സ്വര്‍ണ്ണവും വൈരവും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്തിയ മോഡലിന് എഴുപതിനായിരം മുതല്‍ പന്ത്രണ്ടായിരം ഡോളര്‍ വരെ വിലയുണ്ട്. അമ്പത് വര്‍ഷത്തിന് ശേഷം തന്‍റെ വാച്ച് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കര്‍ഷകന്‍.
‘ഞാനൊരിക്കലും ഈ വാച്ച് വീണ്ടും കാണുമെന്ന് കരുതിയില്ല’ ജെംയിസ് സ്റ്റീല്‍ ബി.ബിസിയോട് പറഞ്ഞു. വാച്ചിന്‍റെ സ്ട്രാപ്പ് പകുതി നഷ്ടപ്പെട്ടിട്ടുണ്ട്. വാച്ച് ഇപ്പോള്‍ നിശ്ചലമാണെന്നും ഇത് നന്നാക്കിയെടുക്കാന്‍ വന്‍ തുക തന്നെ ചിലവാകുമെന്നും , അതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.