National
ഉരുള്‍പൊട്ടല്‍; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും
വ്യാഴാഴ്ച വയനാട്ടിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും.
ന്യൂഡല്‍ഹി | വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ എത്തും. വ്യാഴാഴ്ച വയനാട്ടിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും.
ഇന്നലെ ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം നാളത്തേക്ക് മാറ്റിയത്.
അതേസമയം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ഗ്രാമമൊന്നാകെ ഒലിച്ചു പോയെന്നും കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം കൂട്ടണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നല്‍കണമെന്നും സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും രാഹുല്‍ വ്യക്തമാക്കി.
ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് താനെന്ന് രാഹുൽഗാന്ധി എക്സിലൂടെ അറിയിച്ചിരുന്നു. തന്റെ പ്രാർത്ഥനകൾ വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും എക്സിൽ കുറിച്ചു