Connect with us

From the print

ഉരുൾപൊട്ടൽ; ആശ്വാസ പ്രവർത്തനങ്ങളുമായി എസ് വൈ എസ്

മഹാദുരന്തത്തിന്റെ ആഘാതം മനസ്സിലാക്കി ആദ്യ സമയങ്ങളിൽ തന്നെ എസ് വൈ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല മദ്‌റസ കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ആരംഭിക്കുകയായിരുന്നു

Published

|

Last Updated

കൽപ്പറ്റ | ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി എസ് വൈ എസ്. ഒഴുകിയെത്തിയ മഹാദുരന്തത്തിന്റെ ആഘാതം മനസ്സിലാക്കി ആദ്യ സമയങ്ങളിൽ തന്നെ എസ് വൈ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല മദ്‌റസ കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് ബശീർ സഅദിയുടെ നേതൃത്വത്തിൽ സാന്ത്വനം എമർജൻസി ടീം (എസ് ഇ ടി) ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ജീവൻ രക്ഷാപ്രവർത്തനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും മൃതദേഹങ്ങൾ തിരഞ്ഞ് കണ്ടെത്താനും സാന്ത്വനം വളണ്ടിയർമാർ സജീവമായി രംഗത്തുണ്ടായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച നൂറിലധികം എസ് ഇ ടി വളണ്ടിയർമാരാണ് ദുരന്ത ഭൂമിയിൽ കർമനിരതരായുള്ളത്. നൂറിലേറെ വാഹനങ്ങളും തയ്യാറാക്കി നിർത്തിയിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവന്ന ബത്തേരി താലൂക്കാശുപത്രിയിലും വിംസ് ആശുപത്രിയിലും ആവശ്യമായ സേവനങ്ങൾക്ക് സാന്ത്വനം വളണ്ടിയേഴ്‌സിന്റെ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നു.

പോസ്റ്റ്മോർട്ടം നടന്ന കമ്മ്യൂണിറ്റി ഹാളിൽ മയ്യിത്ത് കുളിപ്പിക്കാനും അനുബന്ധ കാര്യങ്ങൾക്കും അതിനായി പരിശീലനം ലഭിച്ച സാന്ത്വനം വളണ്ടിയർ വിംഗാണ് നേതൃത്വം നൽകിയത്. വ്യത്യസ്ത സന്നദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച സാന്ത്വനം പ്രവർത്തകരെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഇനിയും കണ്ടെത്താനുള്ള മൃതദേഹങ്ങൾ തിരയാനുള്ള സ്ഥലം സ്‌കെച്ച് ചെയ്താണ് ദുരിത ഭൂമിയിലെ ഇന്നലത്തെ പ്രവർത്തനം സാന്ത്വനം എമർജൻസി വളണ്ടിയർമാർ അവസാനിപ്പിച്ചത്. ഭക്ഷണ വിതരണം, ആംബുലൻസ് സർവീസ്, ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണം, മരുന്നുകൾ, കുടിവെള്ളം, സാനിറ്ററി പാഡ്, പുതപ്പുകൾ, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം ദ്രുതഗതിയിൽ എസ് വൈ എസിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ചു നൽകുന്നു. മലയോര പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളും സജ്ജമാക്കി നൽകുന്നുണ്ട്. ദുരന്തത്തിനിരയായി വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങളും എസ് വൈ എസ് പ്രവർത്തകർ ലഭ്യമാക്കുന്നുണ്ട്.
മൃതദേഹങ്ങൾ ഒഴുകിയെത്തിയ നിലമ്പൂർ ഭാഗത്ത് പോത്തുകൽ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌കും കൺട്രോൾ റൂമും തുറന്നുപ്രവർത്തിക്കുന്നുണ്ട്. അതേസമയം, കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ അലവിക്കുട്ടി ഫൈസി എടക്കര, പി എച്ച് അബ്ദുർറഹ്മാൻ ദാരിമി, പി എച്ച് ഉസ്മാൻ സഖാഫി, വി എൻ ബാപ്പുട്ടി ദാരിമി, മുഹമ്മദലി സഖാഫി വഴിക്കടവ്, എസ് വൈ എസ് ഭാരവാഹികളായ ഡോ. അബ്ദുർറഹ്‌മാൻ, സിദ്ദീഖ് സഖാഫി വഴിക്കടവ്, ശരീഫ് സഅദി, അലി സഖാഫി, അബ്ദുൽ കരീം വഴിക്കടവ് എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും നിലമ്പൂരിൽ ഏർപ്പാടാക്കിയിട്ടുണ്ട്.

Latest