Kerala
ഉരുള്‍പൊട്ടല്‍; വയനാടിന് വേണ്ടത് ദീർഘകാല പുനരധിവാസ പദ്ധതി,എല്ലാ സഹകരണവും കേന്ദ്രം നൽകും: ഗവര്‍ണര്‍
വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്.
തൃശൂര്‍ | ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് വേണ്ടി ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്.സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. ആ പദ്ധതി കേന്ദ്രത്തിന് നല്‍കുന്നതോടെ അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്.നിലവില്‍ ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ലെന്നും ദുരന്ത മുഖത്താണ് നാം നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധനക്ക് എത്തുന്നത്. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്ന് അഞ്ചംഗ സംഘം പരിശോധിക്കും . കൂടാതെ ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.