First Gear
റോള്‍സ് റോയ്‌സിന്റെ ഇലക്ട്രിക് കാര്‍ സ്‌പെക്ടര്‍ ഇന്ത്യയിലെത്തി
7.50 കോടി രൂപ(എക്‌സ് ഷോറൂം)യാണ് വാഹനത്തിന്റെ വില.

ന്യൂഡല്‍ഹി| റോള്‍സ് റോയ്സ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ആഡംബര കാറായ സ്‌പെക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.50 കോടി രൂപ(എക്‌സ് ഷോറൂം)യാണ് വാഹനത്തിന്റെ വില. 102കെഡബ്ല്യുഎച്ച് ലിഥിയം-അയണ്‍ ബാറ്ററിയാണ് സ്‌പെക്ടറിന് കരുത്ത് നല്‍കുന്നത്. 195കെഡബ്ല്യു ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
സ്പെക്ടറിന് സ്പിരിറ്റ് ഓഫ് എക്സ്റ്റസിയോട് കൂടിയ ഐക്കണിക് ഇല്യൂമിനേറ്റഡ് പാന്തിയോണ്‍ ഫ്രണ്ട് ഗ്രില്ലാണ് കമ്പനി നല്‍കിയിരിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, ചരിഞ്ഞ റൂഫ്ലൈന്‍, ലംബമായിട്ടുള്ള എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍, 21 ഇഞ്ച് എയ്റോ ഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍ എന്നിവയെല്ലാം വാഹനത്തിന് നല്‍കിയിട്ടുണ്ട്.