First Gear
2030ഓടെ മുഴുവന്‍ വാഹനങ്ങളും വൈദ്യുതീകരിക്കാന്‍ റോള്‍സ് റോയിസ്
കമ്പനിയുടെ അവസാന പെട്രോള്‍ പവര്‍ വാഹനമായി റോള്‍സ് റോയ്സ് എംകെ2 ഗോസ്റ്റ് മാറിയേക്കും.

ന്യൂഡല്‍ഹി| ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയിസ് 2023ല്‍ ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡല്‍ റോള്‍സ് റോയ്സ് സ്പെക്ടര്‍ കൂപ്പെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2030-ഓടെ ഐസി എഞ്ചിനുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സ്പെക്ടര്‍ കൂപ്പെയ്ക്ക് പിന്നാലെ കള്ളിനന്‍ എസ്‌യുവി, ഗോസ്റ്റ് സലൂണ്‍, ഫാന്റം ലിമോസിന്‍ എന്നിവയുടെ പിന്‍ഗാമികളും ഓള്‍-ഇലക്ട്രിക് മോഡലുകളായിരിക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഓരോ മോഡലിനും പകരം ഒരു ഇവി നല്‍കേണ്ടത് പ്രധാനമാണെന്നും 2030ഓടെ പ്യുവര്‍-ഇലക്ട്രിക് ലൈനപ്പിലേക്ക് സ്ഥാപനം പുരോഗമിക്കുമെന്നും കമ്പനി വ്യക്തമാക്കി. റോള്‍സ് റോയ്സ് അതിന്റെ 117 വര്‍ഷത്തെ ചരിത്രത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചിട്ടുണ്ട്. കമ്പനിയുടെ അവസാന പെട്രോള്‍ പവര്‍ വാഹനമായി റോള്‍സ് റോയ്സ് എംകെ2 ഗോസ്റ്റ് മാറിയേക്കും.
ആദ്യത്തെ റോള്‍സ് റോയിസ് ഇലക്ട്രിക് കാര്‍ ഒരു പ്രോട്ടോടൈപ്പ് അല്ലെന്നും ഒരു യഥാര്‍ത്ഥ കാര്യമാണെന്നും 2023 ന്റെ നാലാം പാദത്തില്‍ ഈ വാഹനത്തിന്റെ ആദ്യ ഡെലിവറികള്‍ എടുക്കുമെന്നും സിഇഒ, ടോര്‍സ്റ്റണ്‍ മുള്ളര്‍ ഒത്വാസ് 2021 നവംബറില്‍ പറഞ്ഞിരുന്നു. റോള്‍സ് റോയിസ് ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ നിര്‍മ്മിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. സ്പെക്ടര്‍ അവതരിപ്പിച്ചതിനുശേഷം, റോള്‍സ് റോയ്സ് 2030 ആകുമ്പോഴേക്കും അതിന്റെ മുഴുവന്‍ ഉല്‍പ്പന്ന നിരയും വൈദ്യുതീകരിക്കുമെന്നും ഇതിനു ശേഷം പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
റോള്‍സ് റോയ്സിന് നിലവില്‍ ഇന്ത്യയില്‍ അതിന്റെ അഞ്ച് മോഡലുകളും വില്‍പ്പനയ്ക്കുണ്ട്. വ്രെയ്ത്ത്, ഡോണ്‍, ഗോസ്റ്റ്, കള്ളിനന്‍, ഫാന്റം. റോള്‍സ് റോയ്സ് ഇപ്പോള്‍ പുതിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് വരും മാസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.