Kerala
അസമയത്ത് ഉറക്കമുണര്‍ത്തുന്നു; വില്ലനായി പൂവന്‍കോഴി, പരാതി പരിഹരിച്ച് ആര്‍ ഡി ഒ
അയല്‍വാസിയുടെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടു.

പത്തനംതിട്ട | പൂവന്‍കോഴി പുലര്‍ച്ചെ കൂവുന്നത് ശല്യമാകുന്നുവെന്ന പരാതി രമ്യമായി പരിഹരിച്ചിരിക്കുകയാണ് അടൂര്‍ ആര്‍ ഡി ഒ. ബി. രാധാകൃഷ്ണന്‍. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിക്കാരന്‍. രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കോഴിയാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.
പുലര്‍ച്ചെ മൂന്നിന് പൂവന്‍ കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സൈ്വര ജീവിതത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ ഡി ഒക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് കാര്യങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍ ഡി ഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ആര്‍ ഡി ഒക്ക് ബോധ്യപ്പെട്ടു.
പ്രശ്‌നപരിഹാരമായി അനില്‍ കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നാണ് നിര്‍ദേശം.