Connect with us

Web Special

തകൃതിയായ കെട്ടിട നിര്‍മാണം, മുന്നറിയിപ്പുകള്‍ ജലരേഖ; ജോഷിമഠ് ദുരന്തം വന്ന വഴി

ഒടുവില്‍, മനുഷ്യര്‍ക്ക് വസിക്കാന്‍ പറ്റാത്തയിടമാകുകയാണ് ജോഷിമഠ്.

Published

|

Last Updated

വിണ്ടുകീറിയ വീട്ടുചുമരുകള്‍, വിള്ളല്‍ വീണ പറമ്പുകളും റോഡുകളും, ചെളിവെള്ളം; ഉത്തരാഖണ്ഡിലെ മലയോര നഗരമായ ജോഷിമഠ് ഇപ്പോഴിങ്ങനെയാണ്. 2023ലെ സുപ്രഭാതത്തില്‍ ഇങ്ങനെയായതല്ല. ഒരു വര്‍ഷത്തോളമായി പ്രകൃതി സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു, വിദഗ്ധര്‍ മുന്നറിയിപ്പുകളും. എന്നാല്‍, എല്ലാ മുന്നറിയിപ്പുകളും അധികൃതര്‍ അവഗണിച്ചു. ഒടുവില്‍, മനുഷ്യര്‍ക്ക് വസിക്കാന്‍ പറ്റാത്തയിടമാകുകയാണ് ജോഷിമഠ്.

ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,875 മീറ്റര്‍ ഉയരത്തിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. അതീവ പരിസ്ഥിതി ലോല പര്‍വത മേഖല. എന്നാല്‍, സര്‍ക്കാറിന്റെയും സ്വകാര്യ മേഖലയുടെയും വികസന പദ്ധതികള്‍ തകൃതിയാണ്. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി, 900 കി മീ നീളമുള്ള ചാര്‍ധം പദ്ധതി എന്നിവയാണ് പ്രധാനമായും ഇവിടെ നിര്‍മിക്കുന്നത്. 520 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന അണക്കെട്ടാണിത്. ഇതിനായി വന്‍തോതില്‍ ഖനന പ്രവൃത്തി നടക്കുന്നുണ്ട്. വിള്ളല്‍ കാരണം ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഘട്ടത്തില്‍ പോലും പുലര്‍ച്ചെ രണ്ട് മണിക്ക് ഖനനം നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന റോഡ് പദ്ധതിയാണ് ചാര്‍ധം. തീര്‍ഥാടന വിനോദസഞ്ചാരം ലക്ഷ്യമാക്കിയാണ് റോഡ് നിര്‍മാണം. ഈ രണ്ട് പദ്ധതികളും തങ്ങളുടെ വിധി മറ്റൊന്നാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി ജോഷിമഠിലെ നാട്ടുകാര്‍ പറയുന്നു.

മുന്നറിയിപ്പ് 40 വര്‍ഷം മുമ്പ്

പ്രദേശത്ത് വമ്പന്‍ പദ്ധതികള്‍ പാടില്ലെന്ന് നാല് പതിറ്റാണ്ട് മുമ്പ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണെങ്കിലും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അതിന് പുല്ലുവില പോലും കല്പിച്ചില്ല. വികസനം അനിവാര്യമാണെങ്കിലും ഇത്തരം പാരിസ്ഥിതിക, മാനവിക ദുരന്തം ക്ഷണിച്ചുവരുത്തിയാകരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹിമാലയന്‍ പര്‍വത നിരകളിലേക്കുള്ള ആരോഹണ മാര്‍ഗങ്ങള്‍, ബദ്രിനാഥ് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍, ഇന്തോ- ചൈന അതിര്‍ത്തി എന്നിവയുടെ പ്രവേശന മാര്‍ഗമാണ് ജോഷിമഠ്. ഏറെ തന്ത്രപ്രധാന കേന്ദ്രം. ഈ ആവശ്യങ്ങളെയെല്ലാം ലക്ഷ്യമാക്കി നിരവധി കെട്ടിടങ്ങള്‍ ജോഷിമഠിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചുവരുകളിലെ വിള്ളലുകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പുതുവത്സരത്തിന്റെ ആദ്യ ആഴ്ചയിലാണ് വിള്ളല്‍ കൂടിയതും വ്യാപിച്ചതും. കഴിഞ്ഞ ഫെബ്രവരിയില്‍ 200 പേര്‍ മരിച്ച വെള്ളപ്പൊക്കത്തിന് ശേഷമാണ് വിള്ളലുകളുണ്ടാകാന്‍ ആരംഭിച്ചത്.

ഉരുള്‍ പൊട്ടല്‍ സാധ്യത ഏറെ

ജോഷിമഠ്- ബദ്രിനാഥ് ഇടനാഴിയിലെ ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ 2007ല്‍ തന്നെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജോഷിമഠ് പട്ടണം ആണ് കൂടുതല്‍ ദുരന്തം വിതക്കുന്ന ഉരുള്‍ പൊട്ടലിന് ഏറെ സാധ്യതയുള്ളത്. 1970കളില്‍ തന്നെ ഇടക്കിടെയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ ജോഷിമഠിലെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. 1976ല്‍ സര്‍ക്കാര്‍ നിയമിച്ച എം സി മിശ്ര കമ്മിറ്റി, സ്വീകരിക്കേണ്ട ദീര്‍ഘകാല- ഹ്രസ്വകാല പ്രതിരോധ നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കിയിരുന്നു. പുരാതന കാലത്തെ ഉരുള്‍പൊട്ടല്‍ കാരണം മണലിന്റെയും കല്ലിന്റെയും മിശ്രണമാണ് ജോഷിമഠിലെ ഉപരിതലം. മഴവെള്ളവും മഞ്ഞുരുകിയ വെള്ളവും അയഞ്ഞ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുകയും ഭൂമിയില്‍ അസ്ഥിരതയുണ്ടാക്കുകയും തത്ഫലമായി ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്യുമെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിലൂടെ ഉരുള്‍പൊട്ടല്‍ മാത്രമല്ല, ഭൂമി ഇരുന്നുപോകുക അല്ലെങ്കില്‍ താഴ്ന്നുപോകുക തുടങ്ങിയ പ്രതിഭാസങ്ങളുമുണ്ടാകും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭൂഗര്‍ഭ ജലം ചുരുങ്ങുന്നതും ഇതിന് കാരണമാകും. പാറപൊട്ടിക്കല്‍, തുരങ്കനിര്‍മാണം തുടങ്ങിയ വമ്പന്‍ നിര്‍മാണ പ്രവൃത്തികളും ആക്കം കൂട്ടുന്നു. നാട്ടുകാര്‍ പരാതിപ്പെടുന്നത് പോലെ അണക്കെട്ട്, റോഡ് നിര്‍മാണങ്ങള്‍ക്ക് വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൊട്ടിക്കലും ഗതാഗതവും കൊണ്ടുള്ള പ്രകമ്പനങ്ങളും മണ്ണിലും ഭൗമോപരിതലത്തിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മിശ്ര റിപ്പോര്‍ട്ട് 1976ല്‍ തന്നെ പറയുന്നുണ്ട്.

ഹിമാലയന്‍ മേഖലയിലെ ആസൂത്രണമില്ലാത്ത പശ്ചാത്തല സൗകര്യ വികസനവും വില്ലനാണ്. വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍, സായുധ സേന എന്നിവരുടെ ആവശ്യങ്ങള്‍ക്കായി വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോഷിമഠിലുണ്ട്. നഗരത്തില്‍ യഥാവിധത്തിലുള്ള മലിനജല ഓടകളില്ലാത്തതും പ്രശ്‌നമാണ്. അതിനാല്‍ മലിനജലവും ഭൂമിയിലേക്ക് ഇറങ്ങുന്നു.

2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കം, 2021ലെ റിഷി ഗംഗ മിന്നല്‍ പ്രളയം തുടങ്ങിയ ദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാറുകള്‍ ഒന്നും പഠിച്ചില്ലെന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ലോല പ്രദേശമാണ് ഹിമാലയം. ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള സീസ്മിക് സോണ്‍ അഞ്ച്, നാല് എന്നിവയിലാണ് ഉത്തരാഖണ്ഡിലെ അധിക പ്രദേശങ്ങളും.