National
റൂട്ട് മാറി സഞ്ചരിച്ചു; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്
യാത്രക്കിടെ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും നിശ്ചയിച്ച റൂട്ടില്‍ നിന്നും മാറിയാണ് യാത്ര കടന്നുപോയതെന്നുമാണ് പോലീസ് ആരോപണം.
ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്. റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്. യാത്രക്കിടെ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും നിശ്ചയിച്ച റൂട്ടില്‍ നിന്നും മാറിയാണ് യാത്ര കടന്നുപോയതെന്നുമാണ് പോലീസ് ആരോപണം.
ജോര്‍ഹട്ട് നഗരത്തില്‍ വെച്ചായിരുന്നു യാത്രക്ക് മാറ്റമുണ്ടായത്. റൂട്ട് മാറ്റം റോഡില്‍ തടസ്സങ്ങള്‍ക്ക് കാരണമായെന്നും സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചുവെന്നുമാണ് പോലീസിന്റെ വിശദീകരണം. യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെ.ബി ബൈജു ഉള്‍പ്പടെയുള്ള സംഘാടകര്‍ യാത്രയില്‍ പങ്കെടുത്തവരോട് ട്രാഫിക് ബാരിക്കേഡുകള്‍ മറികടക്കാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദിക്കാനും നിര്‍ദേശിച്ചുവെന്ന ആരോപണവും പോലീസ് ഉന്നയിച്ചിട്ടുണ്ട്.
അതേസമയം യാത്രക്ക് അനാവശ്യ തടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അസം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേബാബാര്‍ത്ര സെയ്ക പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കായി ജോര്‍ഹട്ട് നഗരത്തില്‍ അനുവദിച്ച റൂട്ട് ചെറുതാണെന്നും വലിയ ജനക്കൂട്ടം യാത്രക്കായി നഗരത്തില്‍ എത്തിയിരുന്നതായും സെയ്ക വ്യക്തമാക്കി. ആളുകള്‍ കൂടിയതിനാല്‍ കുറച്ച് ദൂരം യാത്ര വഴിമാറ്റേണ്ടി വന്നിട്ടുണ്ട്. യാത്രയുടെ വിജയം കണ്ട് ഭയന്നിട്ടാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ കേസെടുത്തതെന്നും സെയ്ക കൂട്ടിച്ചേര്‍ത്തു.