First Gear
റോയൽ എൻഫീൽഡ് ഇലക്ട്രിക് ക്ലാസിക് അടുത്തമാസം; ആകാംക്ഷയോടെ വാഹനലോകം
നവംബർ നാലിന് ആരംഭിക്കുന്ന മോട്ടോർസൈക്കിൾ ഷോയിൽ റോയൽ എൻഫീൽഡ് ക്ലാസിക് ഇലക്‌ട്രിക് അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
വാഹനപ്രേമികളുടെ പ്രത്യേകിച്ച്, ബൈക്ക് ഭ്രാന്തൻമാരുടെ വികാരമാണ് റോയൽ എൻഫീൽഡ് ക്ലാസിക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആർഇയുടെ മോഡലും ഇതാണ്. ഇതിൻ്റെ ഇലക്‌ട്രിക് പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ കാത്തിരിപ്പിന് മിലാൻ മോട്ടോർസൈക്കിൾ ഷോ (EICMA 2024) യിൽ വിരാമമാകുകയാണ്.
നവംബർ നാലിന് ആരംഭിക്കുന്ന മോട്ടോർസൈക്കിൾ ഷോയിൽ റോയൽ എൻഫീൽഡ് ക്ലാസിക് ഇലക്‌ട്രിക് അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ആർഇയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഡിസൈൻ പേറ്റൻ്റുകൾ നേരത്തേ ചോർന്നിരുന്നു. എന്നാൽ ഇതൊരു കൺസെപ്റ്റ് മോഡലായിരുന്നു. പുറത്തിറങ്ങാൻ പോകുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ക്ലാസിക്കിന് സമാനമായിരിക്കുമെന്നാണ് വാഹനലോകത്തെ റിപ്പോർട്ട്.
നേരത്തേ പുറത്തുവന്ന ചിത്രങ്ങളിൽ ബോബർ-സ്റ്റൈൽ റെട്രോ ഡിസൈനാണ് ഇലക്‌ട്രിക് ക്ലാസിക്കിന് ഉണ്ടായിരുന്നത്. ‘ഇന്ധന ടാങ്കിന്’ മുകളിലേയ്ക്ക് പോകുന്നരീതിയിലാണ് ഫ്രെയിം. ചെയിനിനുപകരം പിൻചക്രത്തിന് ബെൽറ്റാണുള്ളത്. ഒപ്പം ചിത്രത്തിൽ ഒറ്റ സീറ്റ് മാത്രമാണുള്ളത്. എന്നാൽ സാരി ഗാർഡ് നൽകിയിട്ടുണ്ട്. ഇത് ഓപ്ഷണലായി ബാക്ക് സീറ്റുകൂടി ഉണ്ടാകുമെന്ന സൂചനകൂടി നൽകുന്നു.
100 വർഷങ്ങൾക്ക് മുമ്പ് റോയൽ എൻഫീൽഡിൽ ഉപയോഗിച്ചിരുന്ന ഒരു ഗർഡർ ഫോർക്ക് ചിത്രത്തിലെ മോഡലിൽ ഉണ്ട്. എന്നാൽ ഇതെല്ലാം ഊഹം മാത്രമാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇലക്‌ട്രിക്01 (‘Electrik01) എന്നാകും ക്ലാസിക് ഇലക്‌ട്രികിൻ്റെ പേരെന്നാണ് വാർത്തകൾ. ഒന്നര വർഷത്തിനകം മോട്ടോർസൈക്കിൾ ഉൽപ്പാദനം ആരംഭിക്കാനും 2026 തുടക്കത്തിൽ വിപണിയിൽ എത്തിക്കാനുമാണ് ആർഇ ലക്ഷ്യമിടുന്നതെന്നും വാർത്തയുണ്ട്.