Connect with us

National

അഗ്നിവീറുമാർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; 30 ദിവസത്തെ അവധി; റിക്രൂട്ട്മെന്റ് വിശദാംശങ്ങൾ പുറത്തുവിട്ട് വ്യോമസേന

നാല് വര്‍ഷത്തെ സേവന വേളയില്‍ സ്ഥിരം സൈനികര്‍ക്ക് ലഭ്യമായ പല ആനുകൂല്യങ്ങളും അഗ്നിവീറുമാര്‍ക്കും ലഭിക്കും. ശമ്പളത്തിനൊപ്പം ഹാര്‍ഡ്ഷിപ്പ് അലവന്‍സ്, യൂണിഫോം അലവന്‍സ്, കാന്റീന്‍ സൗകര്യം, മെഡിക്കല്‍ സൗകര്യം എന്നിവ അഗ്നിവീറുമാര്‍ക്ക് ലഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | അഗ്നിപഥ് പദ്ധതിക്ക് എതിരെ ഒരു ഭാഗത്ത് രാജ്യം ആളിക്കത്തുന്നതിനിടയില്‍ മറുഭാഗത്ത് പദ്ധതിയുടെ നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. അഗ്‌നിപഥ് പദ്ധതിയില്‍ അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ വ്യോമസേന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഗ്നിവീറുമാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് വിശദമാക്കുന്ന രേഖയാണ് പ്രസിദ്ധീകരിച്ചത്.

ഇതനുസരിച്ച് നാല് വര്‍ഷത്തെ സേവന വേളയില്‍ സ്ഥിരം സൈനികര്‍ക്ക് ലഭ്യമായ പല ആനുകൂല്യങ്ങളും അഗ്നിവീറുമാര്‍ക്കും ലഭിക്കും.
ശമ്പളത്തിനൊപ്പം ഹാര്‍ഡ്ഷിപ്പ് അലവന്‍സ്, യൂണിഫോം അലവന്‍സ്, കാന്റീന്‍ സൗകര്യം, മെഡിക്കല്‍ സൗകര്യം എന്നിവ അഗ്നിവീറുമാര്‍ക്ക് ലഭിക്കും. ഒരു സാധാരണ സൈനികന് ലഭിക്കുന്ന സൗകര്യങ്ങളാണ് ഇവ.

അഗ്‌നിവീറുകള്‍ക്ക് സര്‍വീസ് കാലയളവില്‍ യാത്രാ അലവന്‍സ് നല്‍കും. വര്‍ഷത്തില്‍ 30 ദിവസം അവധിയും ലഭിക്കും. എന്നാല്‍ അവര്‍ക്കുള്ള മെഡിക്കല്‍ ലീവ് സമ്പ്രദായം വ്യത്യസ്തമാണ്. അഗ്‌നിവീറുമാര്‍ക്ക് സിഎസ്ഡി കാന്റീന്‍ സൗകര്യവും ഒരുക്കുമെന്നും രേഖയില്‍ വിശദീകരിക്കുന്നു.

ഒരു അഗ്നിവീര്‍ അദ്ദേഹത്തിന്റെ സേവന വേളയില്‍ (നാല് വര്‍ഷത്തിനിടെ) മരിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 4 വര്‍ഷത്തെ സേവന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതിന് പുറമെ 44 ലക്ഷം രൂപ ഒറ്റത്തവണ ആയുമാണ് നല്‍കുക. ഏകദേശം ഒരു കോടി രൂപയുടെ ആനൂകൂല്യമാണിത്. ഡ്യൂട്ടിക്കിടെ അംഗവൈകല്യം സംഭവിച്ചാല്‍ അഗ്‌നിവീരര്‍ക്ക് 44 ലക്ഷം രൂപ ലഭിക്കും. ഇതോടൊപ്പം ശേഷിക്കുന്ന ജോലിയുടെ മുഴുവന്‍ ശമ്പളവും നല്‍കും. സേവന ഫണ്ടിന്റെ പാക്കേജും ലഭിക്കും.

വ്യോമസേനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അഗ്‌നിവീരന്മാര്‍ക്ക് ബഹുമതികളും അവാര്‍ഡുകളും ലഭിക്കും. വ്യോമസേനയില്‍ റിക്രൂട്ട് ചെയ്ത ശേഷം സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അഗ്‌നിവീരന്മാര്‍ക്ക് പരിശീലനം നല്‍കും. സേവനം പൂര്‍ത്തിയാക്കിയാല്‍ അഗ്‌നിവീരന്മാര്‍ക്ക് വിശദമായ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് അഗ്‌നിവീരന്മാരുടെ കഴിവുകളും യോഗ്യതകളും വിവരിക്കും.

1950ലെ എയര്‍ഫോഴ്‌സ് ആക്ട് പ്രകാരം നാല് വര്‍ഷത്തേക്കാണ് എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് നടത്തുക. വ്യോമസേനയില്‍ അഗ്‌നിവീരന്മാരുടെ ഒരു പ്രത്യേക റാങ്ക് ഉണ്ടായിരിക്കും. ഇത് നിലവിലുള്ള റാങ്കില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

നാല് വര്ഷത്തെ സേവനത്തിന് ശേഷം അഗ്‌നിവീരന്മാരില് 25 ശതമാനം പേരെയും സാധാരണ കേഡറിലേക്ക് മാറ്റും. സര്‍വീസ് കാലയളവിലെ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ നിയമനം.

Latest