Connect with us

National

200 രൂപ സബ്‌സിഡി; ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് വില കുറയും

പ്രധാന മന്ത്രി ഉജ്ജ്വല (പി എം യു വൈ) പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായിരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രി ഉജ്ജ്വല (പി എം യു വൈ) പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായിരിക്കും. രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ ഈ വര്‍ഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. പ്രധാന മന്ത്രിയുടെ രക്ഷാബന്ധന്‍-ഓണം സമ്മാനമാണിതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

 

നിലവില്‍ 1053 രൂപയാണ് ഡല്‍ഹിയില്‍ 14 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില. മുംബൈ- 1052.50, ചെന്നൈ- 1068.50, കൊല്‍ക്കത്ത- 1079 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളില്‍ ഈടാക്കുന്നത്.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് ജൂലൈയില്‍ എണ്ണ കമ്പനികള്‍ 50 രൂപ വര്‍ധിപ്പിച്ചിരുന്നു. മേയില്‍ രണ്ടു തവണയാണ് വില വര്‍ധിപ്പിച്ചിരുന്നത്.

2016 മെയ് ഒന്നിനാണ് പ്രധാന മന്ത്രി പി എം യു വൈ പദ്ധതി പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശലക്ഷം കണക്ഷനുകള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പി എം യു വൈ പദ്ധതി കൊണ്ടുവന്നത്.

 

---- facebook comment plugin here -----