Eranakulam
കടക്കാരനെ പറ്റിച്ച് 6,000 രൂപയുടെ സിഗരറ്റ് തട്ടിയെടുത്ത കേസ്; പ്രതി പിടിയില്‍
ആലുവ | കടക്കാരനെ പറ്റിച്ച് 6,000 രൂപയുടെ സിഗരറ്റ് തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഞാറക്കല്‍ ചാരക്കാട് വീട്ടില്‍ ജീമോന്‍ സെബാസ്റ്റിയനാണ് (26) ആലുവ പോലീസിന്റെ പിടിയിലായത്. സെപ്തംബര്‍ 23നാണ് ഇയാള്‍ സിഗരറ്റുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് ഒന്നര മാസത്തോളമാണ് പ്രതി പോലീസിനെ കബളിപ്പിച്ച് ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരുന്നത്. വിടാതെ പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. മുപ്പതോളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് എച്ച് ഒ. സി എല്‍ സുധീര്‍, എസ് ഐമാരായ ആര്‍ വിനോദ്, രാജേഷ് കുമാര്‍, എ എസ് ഐ. ഷാജി, സി പി ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തോട്ടക്കാട്ടുകരയില്‍ പെട്ടിക്കട നടത്തുന്ന ആനന്ദന്‍ എന്നയാളെയാണ് ജീമോന്‍ പറ്റിച്ചത്. 6,000 രൂപയുടെ സിഗരറ്റ് വാങ്ങിയ ശേഷം പണം നല്‍കാതെ പോയ ഇയാളുടെ ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെയും ചവിട്ടി താഴെ ഇട്ട് പ്രതി കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ആനന്ദന് പരുക്കേറ്റിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തിയത്. ഞാറക്കലില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇടപ്പള്ളി ടോള്‍, അരൂര്‍, എറണാകുളം നോര്‍ത്ത്, ആലുവ എന്നിവിടങ്ങളില്‍ നിന്നായി ആറ് ബൈക്കുകള്‍ കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനില്‍ നിന്ന് കവര്‍ന്ന ബൈക്കിലാണ്.
ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാള്‍. തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങള്‍ ധരിച്ച് നോക്കി പണം വണ്ടിയില്‍ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളില്‍ നിന്നും ഇങ്ങനെ വസ്ത്രങ്ങള്‍ അടിച്ചു മാറ്റിയിട്ടുണ്ട്.