Uae
ആര്‍ എസ് സി ഗ്ലോബല്‍ ബുക്ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
ഗ്ലോബല്‍ തലത്തില്‍ 10282 പേര്‍ ബുക്ടെസ്റ്റില്‍ പങ്കെടുത്തു.
റിയാദ് | രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച പതിനഞ്ചാം എഡിഷന്‍ ബുക്ടെസ്റ്റ് വിജയികളെ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ ശമീല ബക്കര്‍ സിദ്ധീഖ് (സൗദി അറേബ്യ) ഒന്നാം സ്ഥാനത്തിനും, അബ്ദുല്‍ സത്താര്‍ (സൗദി അറേബ്യ) രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി നടത്തിയ ബുക്ടെസ്റ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ നഫീസ ദിന (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, റാഷിദ് അബ്ദുല്‍ സത്താര്‍ (സൗദി അറേബ്യ) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ആയിഷ മന്‍സൂര്‍ (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, നൂറുല്‍ ഹുദാ സലീം (സൗദി അറേബ്യ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം അന്‍പതിനായിരം രൂപ, ഇരുപത്തയ്യായിരം രൂപ അവാര്‍ഡ് തുകയും, സീനിയര്‍ – ജൂനിയര്‍ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ സമ്മാനമായി നല്‍കും. വിജയികള്‍ക്കുള്ള അവാര്‍ഡ് തുകയും അംഗീകാര പത്രവും മദീനയില്‍ നടക്കുന്ന സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് വേദിയില്‍ വെച്ച് കൈമാറും.
തിരുനബി (സ്വ) തങ്ങളുടെ ചരിത്രം പഠിക്കുന്നതിനും, വായന സംസ്‌കാരം വളര്‍ത്തുന്നതിനും ഗ്ലോബല്‍ അടിസ്ഥാനത്തില്‍ നടന്നു വരുന്ന ആര്‍ എസ് സി ബുക്ടെസ്റ്റിന്റെ പതിനഞ്ചാം എഡിഷനില്‍ ഐ പി ബി പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ‘മുഹമ്മദ് നബി (സ്വ)’ എന്ന പുസ്തകം അടിസ്ഥാത്തില്‍ ജനറല്‍ വിഭാഗത്തിനും ‘ദി ഗൈഡ് ഈസ് ബോണ്‍’ എന്ന ഇംഗ്ലീഷ് പുസ്തകം അടിസ്ഥാനത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തിനുമാണ് ബുക്ടെസ്റ്റ് നടന്നത്. പതിനഞ്ചാം എഡിഷനില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ ഒഴികെയുള്ള മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ബുക്ക് വിതരണം ചെയ്താണ് പരീക്ഷാര്‍ത്ഥികളെ തയ്യാറാക്കിയത്. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയവര്‍ക്കായിരുന്നു ഫൈനല്‍ പരീക്ഷ നടന്നത്. ഗ്ലോബല്‍ തലത്തില്‍ 10282 പേര്‍ ബുക്ടെസ്റ്റില്‍ പങ്കെടുത്തു. പരീക്ഷ റിസള്‍ട്ട് http://www.booktest.rsconline.org/ സൈറ്റില്‍ ലഭ്യമാണ്