Ongoing News
വഖ്ഫ് ഭേദഗതിക്കെതിരെ വിചാര സദസ്സുമായി ആർ എസ് സി; രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന നിയമ മാറ്റങ്ങളെ തിരിച്ചറിയണം
വഖ്ഫ് ഭേദഗതി മതത്തിന്റെ സ്വകാര്യതകളിൽ കൈ കടത്തുന്ന വർഗീയ ഒളിയജണ്ടകളുടെ പുതിയ ചിത്രം

ജുബൈൽ (സഊദി അറേബ്യ) | അന്യാധീനപ്പെട്ട് കിടക്കുന്ന ഭൂമികളായി വഖ്ഫ് ഭൂമികളെ തെറ്റിദ്ധരിക്കരുതെന്നും കൊളോണിയൽ ഭരണ കാലത്ത് രാജ്യത്തിനും ദരിദ്ര വിഭാഗങ്ങൾക്കും വഖ്ഫ് പ്രയോജനം ചെയ്ത മൂല്യങ്ങളെ തിരസ്കരിക്കാവുന്നതല്ലെന്നും ഭാരതത്തിൻ്റെ പുരോഗമന പ്രയാണത്തിൽ വഖ്ഫ് സ്വത്തുക്കൾ നൽകിയ വലിയ സംഭാവനകളൊന്നും ഒരു സുപ്രഭാതത്തിലെ ഭേദഗതി പേപ്പറിലൂടെ മായ്ക്കാമെന്നതും അസംഭവ്യമാണെന്നും മതത്തിന്റെ സ്വകാര്യതകളിൽ കൈ കടത്തുന്ന വർഗീയ ഒളിയജണ്ടകളുടെ പുതിയ ചിത്രമാണ് വഖ്ഫ് ഭേദഗതി എന്നും ജുബൈലിൽ സംഘടിപ്പിച്ച വിചാരസദസ്സ് അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ജുബൈൽ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച വിചാരസദസ്സ് ഐ സി എഫ് സഊദി നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. ആധികാരിക ഇസ്ലാമിക പ്രമാണങ്ങളിലൂടെ വഖ്‌ഫ് എന്താണെന്നും വഖ്‌ഫിന്റെ വിവിധ വശങ്ങളെയും പരാമർശിച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു. വഖ്‌ഫ് ഭേദഗതി ബില്ലിലെ അപകടങ്ങളും അത് മുസ്ലിം സമുദായത്തെ എത്രമാത്രം ബാധിക്കാൻ പോകുന്നു എന്നും അഡ്വ. ഫാരിസ് സഖാഫി സദസ്സിനെ ഉണർത്തി.
ഐ സി എഫ് ജുബൈൽ റീജ്യൻ കൺവീനർ ജാഫർ കൊടിഞ്ഞി മുഖ്യാതിഥിയായി. രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ ചെയർമാൻ താജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ ശൗഖത്ത് നീലഗിരി, കലാലയം സെക്രട്ടറി ജഅ്ഫർ അസ്ഹരി പ്രസംഗിച്ചു.