Bahrain
ആര്‍ എസ് സി തര്‍തീല്‍-ഖുര്‍ആന്‍ മത്സരം: ബഹ്റൈന്‍ ഗ്രാന്റ് ഫിനാലെ നാളെ
ആര്‍ എസ് സി യുടെ ഘടകങ്ങളായ യൂനിറ്റ്, സെക്ടര്‍, സോണ്‍ മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ തമ്മിലുള്ള മത്സരമാണ് ബഹ്റൈന്‍ നാഷണല്‍ തര്‍തീല്‍ ഗ്രാന്റ് ഫിനാലെ.
മനാമ | വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ റമസാനില്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് എഡിഷന്‍ തര്‍തീല്‍-ഖുര്‍ആന്‍ മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ നാളെ (വെള്ളി) രാവിലെ ഒമ്പത് മുതല്‍ മനാമ കന്നട ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മനാമ, മുഹറഖ്, റിഫ സോണുകളില്‍ നിന്നും നിരവധി മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ആര്‍ എസ് സി യുടെ ഘടകങ്ങളായ യൂനിറ്റ്, സെക്ടര്‍, സോണ്‍ മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ തമ്മിലുള്ള മത്സരമാണ് ബഹ്റൈന്‍ നാഷണല്‍ തര്‍തീല്‍ ഗ്രാന്റ് ഫിനാലെ.
ഖുര്‍ആന്‍ പാരായണം, മനപ്പാഠം, ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. സന്ദര്‍ശകര്‍ക്കായി ഖുര്‍ആന്‍ എക്‌സ്‌പോയും നഗരിയില്‍ ഒരുക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹ്റൈനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹ്സിന്‍ ഇബ്ന്‍ ഹുസൈന്‍ മദനി, എസ് എസ് എഫ് കേരള മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി, അബ്ദുസമദ് അമാനി, അനസ് അമാനി തുടങ്ങിയവര്‍ സംബന്ധിക്കും. മികച്ച പാരായണം നടത്തുന്ന മത്സരാര്‍ഥിക്ക് സ്വര്‍ണ നാണയവും മറ്റു വിജയികള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
തര്‍തീലിനോടനുബന്ധിച്ച് ബഹ്റൈനിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രബന്ധ രചനാ മത്സര വിജയിയെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സമ്മാന വിതരണവും നടക്കും.
ബഹ്റൈനിലെ പ്രവാസികളാല്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഖുര്‍ആന്‍ ഫെസ്റ്റ് നേരിട്ട് വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ എസ് സി ബഹ്‌റൈന്‍ നാഷണല്‍ നേതൃത്വം അറിയിച്ചു.