Connect with us

rsp congress issues

പത്തനംതിട്ടയിലെ യു ഡി എഫ് നേതൃത്വത്തിനെതിരെ ആര്‍ എസ് പി ജില്ലാ ഘടകം

യു ഡി എഫിന്റെ ഭാഗമാണെങ്കിലും ആര്‍ എസ് പിയ്ക്ക് അര്‍ഹമായ പ്രാതിനിധ്യമോ പങ്കാളിത്തമോ ഇതേവരെ ലഭിച്ചിട്ടില്ല

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഘടകകക്ഷികളെ കൊന്നു തിന്നുകയും സ്വയം ഇല്ലാതാകുകയും ചെയ്യുന്ന സമീപനമാണ് യു ഡി എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റേതെന്ന് ആര്‍ എസ് പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യു ഡി എഫിന്റെ ഭാഗമാണെങ്കിലും ആര്‍ എസ് പിയ്ക്ക് അര്‍ഹമായ പ്രാതിനിധ്യമോ പങ്കാളിത്തമോ ഇതേവരെ ലഭിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍ ജില്ലയില്‍ മുന്നണി ബന്ധംവിടാന്‍ ആര്‍ എസ് പി നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

യു ഡി എഫിന് ജില്ലയില്‍ നേതാവില്ലാത്ത സ്ഥിതിയാണ്. ചെയര്‍മാനോ കണ്‍വീനറോ ഡി സി സി പ്രസിഡന്റോ യാതൊന്നും അറിയുന്നില്ല. ഇരുളിന്റെ മറവില്‍ മറ്റു ചിലര്‍ യു ഡി എഫ് സംവിധാനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയോടു തികഞ്ഞ അവഗണനയാണ് കാട്ടിയത്. 2014ല്‍ മത്സരിച്ചു ജയിച്ച വാര്‍ഡുകള്‍ പോലും പിന്നീടു നല്‍കിയില്ല. യു ഡി എഫ് ജില്ലയില്‍ വന്‍പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചകളും നടന്നിട്ടില്ല. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനലില്‍ ആര്‍ എസ് പിയെ ഉള്‍പ്പെടുത്താതിരുന്നത് തൊട്ടുമുമ്പ് സംസ്ഥാന കണ്‍വീനറുടെ സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനമാണ് ലംഘിക്കപ്പെട്ടത്. തിരുവല്ലയില്‍ നാളെ കൂടേണ്ടിയിരുന്ന ജില്ലാ കണ്‍വന്‍ഷന്‍ മാറ്റിയത് ഘടകകക്ഷികളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതിനാലാണ്. ഈസ്റ്റ് സഹകരണ ബാങ്കില്‍ മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു വഴങ്ങി ആദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളെ ഉള്‍പ്പെടുത്തിയാണ് യു ഡി എഫ് പാനല്‍. ചില കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബകാര്യം പോലെയാണ് ഈസ്റ്റ് ബാങ്ക് ഭരണസമിതിയെന്നും ആര്‍ എസ് പി കുറ്റപ്പെടുത്തി.

ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ദേശീയ കമ്മിറ്റിയംഗം കെ എസ് ശിവകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി ജി പ്രസന്നകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തോമസ് ജോസഫ്, ടി എം. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest