articles
ആർ എസ് എസ് ലക്ഷ്യം മുസ്്ലിം സ്വത്തുക്കൾ മാത്രമല്ല
"ഇന്ന് ഞാൻ, നാളെ നീ ' എന്ന വാചകം വഖ്ഫ് ബില്ലിന്റെ കാര്യത്തിൽ ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളിൽ പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സങ്കടകരമായ യാഥാർഥ്യം. എന്നാൽ നിലവിലുള്ള ഭരണകൂടത്തിന്റെ ന്യൂനപക്ഷവിരുദ്ധത, ആശ്വസിക്കാൻ ആർക്കും സമയം നൽകാതെ ഉടനടി മറനീക്കി പുറത്തുവരികയായിരുന്നു. വഖ്ഫ് ബില്ല് പാർലിമെന്റിൽ പാസ്സാക്കിയതിന് തൊട്ടുപിന്നാലെയാണ്, ഓർഗനൈസറിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്.

സമീപകാലത്ത് പാർലിമെന്റിന്റെ ഇരുസഭകളും പാസ്സാക്കി പ്രസിഡന്റ്ഒപ്പുവെച്ച വഖ്ഫ് ബില്ല് നിയമം ആകുമ്പോൾ, അത് സവിശേഷമായി രാജ്യത്തെ മുസ്്ലിം ജനസാമാന്യത്തെ മാത്രം ബാധിക്കുന്നതാണ് എന്ന് സമാശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട്. അതിൽ മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും ഉണ്ട് എന്നതാണ് ഏറെ അത്ഭുതകരം. “ഇന്ന് ഞാൻ, നാളെ നീ’ എന്ന ക്രിസ്തുവാചകം വഖ്ഫ് ബില്ലിന്റെ കാര്യത്തിൽ ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളിൽ പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സങ്കടകരമായ യാഥാർഥ്യം. എന്നാൽ നിലവിലുള്ള ഭരണകൂടത്തിന്റെ ന്യൂനപക്ഷവിരുദ്ധത, ആശ്വസിക്കാൻ ആർക്കും സമയം നൽകാതെ ഉടനടി മറനീക്കി പുറത്തുവരികയായിരുന്നു. വഖ്ഫ് ബില്ല് പാർലിമെന്റിൽ പാസ്സാക്കിയതിന് തൊട്ടുപിന്നാലെയാണ്, ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ അടക്കം ചില പ്രത്യേക സമ്മർദങ്ങളെ തുടർന്ന് ലേഖനം പിൻവലിക്കപ്പെട്ടെങ്കിലും അതിലൂടെ ആർ എസ് എസ് മുന്നോട്ട് വെച്ച കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ന്യൂനപക്ഷങ്ങളെ അരികുകളിലേക്ക് തള്ളി അപരവത്കരിച്ച് നിർമിക്കുന്ന ഹിന്ദുരാഷ്ട്രം തന്നെയാണ് ആർ എസ് എസിന്റെ എക്കാലത്തേയും പ്രഖ്യാപിത ലക്ഷ്യം. പ്രവർത്തനപഥത്തിൽ നൂറ് വർഷങ്ങൾ പൂർത്തീകരിച്ച ആ അർധസൈനിക സംഘടനയെ സംബന്ധിച്ച്, അവർ ലക്ഷ്യത്തിലേക്ക് കൂടുതൽ കൃത്യതയോടും വ്യക്തതയോടും കൂടി മുന്നേറുകയാണെന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.
ആർ എസ് എസിനെ സംബന്ധിച്ച് ഇക്കാര്യങ്ങളിൽ സംഘടനാ നിലപാട്, അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈദ്ധാന്തികനായ മാധവറാവു സദാശിവ ഗോൾവാൾക്കർ പണ്ടേ കൃതകൃത്യതയോടെ വിശദീകരിച്ചതാണ്. ഗോൾവാൾക്കർ മുസ്്ലിംകളെയും ക്രിസ്ത്യാനികളെയും നിർവചിച്ചത്, രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ ആയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഊർജം പാഴാക്കരുതെന്നും ആ ഊർജം ആഭ്യന്തര ശത്രുക്കളോട് അടരാടാൻ ഉള്ളതാണെന്നും അതിന്റെ കൂട്ടത്തിൽ ആർ എസ് എസ് സൈദ്ധാന്തികൻ പറഞ്ഞുവെക്കുന്നുണ്ട്. ഒരു പക്ഷേ, അത് തന്നെയായിരിക്കണം അത് വരെയുള്ള ഹിന്ദു സമുദായിക സാമൂഹിക സംഘടനാ പരിസരങ്ങളിൽ നിന്ന് അതിനെ വ്യതിരക്തമാക്കുന്ന ഘടകം.
ആർ എസ് എസിന് മുന്പുള്ള സംഘടനകൾ ഏറിയ കൂറും ഹിന്ദു പരിഷ്‌കരണത്തിലും നവീകരണത്തിലും ഊന്നി നിന്നപ്പോൾ, അന്യ മതവിദ്വേഷം മാത്രമായിരുന്നു ആർ എസ് എസിന്റെ ആശ്രയവും അവലംബവും. ആർ എസ് എസ് അതിനെ സ്വയം ഒരു ഹിന്ദുമതസംഘടനയായി കരുതുന്നില്ലാ എന്നതാണ് അതിലെ രസകരമായ വസ്തുത. ആർ എസ് എസ് അതിന്റെ ഹിംസാത്മക ഹിന്ദുത്വത്തെ സാംസ്‌കാരികതയുടെ മുഖംമൂടി ധരിപ്പിച്ചാണ് എക്കാലവും അവതരിപ്പിച്ചിരുന്നത്. ആ സാംസ്‌കാരിക ദേശീയതയുടെ എതിരിൽ സെമിറ്റിക് മതങ്ങളെ പ്രതിഷ്ഠിച്ചപ്പോൾ, ബുദ്ധ ജൈന സിഖ് മതങ്ങളോടുള്ള പൊളിറ്റിക്കൽ ഹിന്ദുത്വയുടെ ബന്ധം എക്കാലവും പ്രശ്‌ന സങ്കീർണമായിരുന്നു.
സെമിറ്റിക് മതങ്ങളെ ഹിന്ദുത്വം ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോൾ, ബുദ്ധമതം ഉൾപ്പടെയുള്ളവയെ സ്വാംശീകരിച്ച് കീഴ്‌പ്പെടുത്താൻ ആണ് ബ്രാഹ്മണ്യം എക്കാലവും ശ്രമിച്ചത്. ബ്രാഹ്മണ്യത്തിനെതിരെയുള്ള ആദ്യത്തെ ബദൽ ആയിട്ടാണ് അംബേദ്കറെപ്പോലുള്ളവർ ബുദ്ധമതത്തെ വിലയിരുത്തിയതെങ്കിൽ ബ്രാഹ്മണ്യം അതിനെ നേരിട്ടതും ചരിത്രത്തിലുണ്ട്. അങ്ങനെയാണ് ബുദ്ധൻ വിഷ്ണുവിന്റെ അവതാരം ആകുന്നതും വിഹാരങ്ങൾ പലതും ക്ഷേത്രങ്ങൾ ആകുന്നതും. പള്ളികളുടെ മുഴുവൻ തറ മാന്തി അവിടെ ശിവലിംഗങ്ങൾ തിരയുന്പോൾ പല അമ്പലങ്ങളുടെയും അടിത്തറകൾ മാന്തിയാൽ ബുദ്ധ വിഗ്രഹങ്ങൾ കാണാമെന്ന യാഥാർഥ്യം വിസ്മരിക്കരുത്.
“ഇപ്പോൾ ഏറ്റവും പുതിയ വാർത്തകൾ വരുന്നത് സിദ്ധാർഥൻ ശ്രീബുദ്ധൻ ആയ ബോധിഗയയിൽ നിന്നാണ്. ഇന്ത്യയിലെ മാത്രം അല്ല, ലോകം മുഴുവനും ഉള്ള ബുദ്ധമത വിശ്വാസികളുടെ പവിത്ര തീർഥ കേന്ദ്രമാണ് ബോധിഗയ. 1949ലെ ടെംപിൾ ആക്റ്റിലൂടെയാണ് ആദ്യമായി ബോധി ഗയയിലെ ഭരണത്തിൽ ബ്രാഹ്മണർക്ക് അധികാരം ലഭിക്കുന്നത്. അതനുസരിച്ച് ബുദ്ധഭിക്ഷുക്കളും ബ്രാഹ്മണരും തുല്യ അംഗങ്ങൾ ആയിട്ടുള്ള ബോഡിക്ക് ഭരണച്ചുമതല ലഭിക്കുകയായിരുന്നു. അതിന് ശേഷം അവിടെ ഹിന്ദുവിഗ്രഹങ്ങൾ സ്ഥാപിച്ചും ഹിന്ദു ആചാരപ്രകാരം അനുഷ്ഠാനങ്ങൾ നടത്തിയും അതിനെ ഹിന്ദു ക്ഷേത്രമായി പരിവർത്തനപ്പെടുത്തുകയായിരുന്നു.
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബോധിഗയയുടെ നിയന്ത്രാണാധികാരം ബുദ്ധഭിക്ഷുക്കൾക്ക് നൽകാൻ നിയമനിർമാണം നടത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം അധികാര ഭ്രഷ്ടനാവുകയും എൻ ഡി എ സഖ്യം അധികാരത്തിൽ തിരിച്ച് വന്നതിനെ തുടർന്ന്, തത്്സ്ഥിതി തുടരുകയുമായിരുന്നു. ഇപ്പോൾ വഖ്ഫ് ബോർഡിനകത്ത് അമുസ്്ലിംകൾ അംഗങ്ങളാകുമ്പോൾ അത് നമ്മളെ ഭയപ്പെടുത്തേണ്ടത് ബോധിഗയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബ്രാഹ്മണർ എങ്ങനെയാണ് അതിനെ ക്ഷേത്രമായി പരിവർത്തനപ്പെടുത്തിയത് എന്ന അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും.
ബോധിഗയയിലെ ബുദ്ധൻ ഒരു പ്രതീകമാണ്. അത് ബുദ്ധമതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സംഘ്പരിവാർ ഭരിക്കുന്ന സമകാലിക ഇന്ത്യയിൽ ഒരു ന്യൂനപക്ഷത്തിന്റെ പ്രശ്‌നം ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. അങ്ങനെ ആയിരിക്കാനും പാടില്ല. അതിനാൽ തന്നെ, ഇപ്പോൾ ബോധിഗയയെ വീണ്ടെടുക്കാൻ ധർമസമരം നടത്തുന്ന ബുദ്ധഭിക്ഷുക്കളോടൊപ്പം നിരുപാധികം നിൽക്കണ്ട ബാധ്യത നമ്മളുടേതാണ്.