Kerala
ക്ഷേത്രോത്സവത്തില്‍ ആര്‍ എസ് എസ് ഗണഗീതവും കൊടിയും; കെസെടുത്ത് പോലീസ്
ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പലതവണ ഓര്‍മിപ്പിച്ചിട്ടുണ്ട്

കൊല്ലം | ക്ഷേത്ര ഉത്സവത്തില്‍ ആര്‍ എസ് എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. കൊല്ലം കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ ഗണഗീതം പാടിയതിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പോലീസ് കേസെടുത്തത്. ക്ഷേത്ര പരിസരത്ത് ആര്‍ എസ് എസ് എസ് കൊടിതോരണങ്ങള്‍ കെട്ടിയതില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പലതവണ ഓര്‍മിപ്പിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് കൊടികെട്ടുന്നതും ഗണഗീതങ്ങള്‍ പാടുന്നതും ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന പരാതി ശക്തമാണ്.
കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഗണഗീതം ആലപിച്ച നാഗര്‍കോവിലെ നൈറ്റ് ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഉത്സവ കമ്മിറ്റിയും പ്രതികളാണ്. ഗാനമേളയില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ് ഐ ആറിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ഭഗവതി, ഭദ്രകാളി ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഗണഗീതം ദേശഭക്തി ഗാനമാണെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ എസ് എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു.
കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ വ്യാപാരി വ്യവസായി സ്‌പോണ്‍സര്‍ ചെയ്ത അലോഷിയുടെ ഗാനമേളയില്‍ പുഷപനെ അറിയാമോ എന്ന ഡി വൈ എഫ് ഗാനം പാടിയത് വന്‍ വാര്‍ത്തയായിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ശക്തമായി പ്രതികരിക്കുകയും ചെയ്തു. അലോഷിയെ ഒന്നാംപ്രതിയാക്കി കേസും എടുത്തു. ഇതിനു പിന്നാലെയാണ് ആര്‍ എസ് എസ് ഗണ ഗീതം ഉത്സവത്തില്‍ ആലപിക്കുകയും ക്ഷേത്രത്തില്‍ ആര്‍ എസ് എസ് കൊടികെട്ടുകയും ചെയ്തത്.