National
വ്യക്തിപൂജയെ വിമര്‍ശിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്
ഒരു വ്യക്തിയുടെയോ ഒരു ചിന്തയുടെയോ ഒരു ഗ്രൂപ്പിന്റെയോ ആശയത്തിന് ഒരു രാജ്യത്തെ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയില്ലെന്നും മോഹൻ ഭാഗവത്
നാഗ്പൂർ| വ്യക്തിപൂജയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒറ്റ ആശയത്തിന് മാത്രം രാജ്യത്ത് മാറ്റം കൊണ്ടുവരാനാകില്ല. ഒരു വ്യക്തിക്കോ പ്രത്യയശാസ്ത്രത്തിനോ മാത്രം രാജ്യത്തെ നിര്‍മിക്കാനാകില്ലെന്നും മോഹന്‍ ഭാഗവത് നാഗ്പൂരില്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ സംബന്ധിച്ച് അമിത് ഷാ പ്രതികരിച്ചിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു. പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് വിപ്ലവകരമായ ആശയമാണെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് വിരുദ്ധമായിട്ടുളളതാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ഒരു വ്യക്തിയുടെയോ ഒരു ചിന്തയുടെയോ ഒരു ഗ്രൂപ്പിന്റെയോ ആശയത്തിന് ഒരു രാജ്യത്തെ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയില്ല. നല്ല രാജ്യങ്ങള്‍ക്ക് ധാരാളം ചിന്തകളുണ്ട്. എല്ലാത്തരം സംവിധാനങ്ങളോടെയുമാണ് ആ രാജ്യങ്ങള്‍ വളരുന്നത്. ലോകത്തിലെ നല്ല രാജ്യങ്ങള്‍ക്ക് എല്ലാത്തരം ആശയങ്ങളും ഉണ്ട്. നല്ല അവസ്ഥയിലല്ലാത്ത രാജ്യങ്ങളില്‍ നല്ല നേതാക്കളെയും കാണാനാകും. സമൂഹത്തിലെ ഗുണനിലവാരവും ഐക്യദാര്‍ഢ്യവുമാണ് പ്രധാന കാര്യമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.