Kerala
ക്ഷേത്രോത്സവത്തിലെ ആര്‍ എസ് എസ് ഗണഗീതം: ശക്തമായ നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കും

കൊല്ലം | ക്ഷേത്രോത്സവ ഗാനമേളയില്‍ ആര്‍ എസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അസ്സിസ്റ്റന്റ് കമ്മീഷണറോട് റിപോര്‍ട്ട് തേടി.
റിപോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികളുണ്ടാകും. ക്ഷേത്രങ്ങളില്‍ ഏകവര്‍ണ പതാകകള്‍ ഉയര്‍ത്തുന്നത് കോടതി അലക്ഷ്യമാണെന്നും ഉപദേശക സമിതിക്ക് കൊടിയില്ലെന്നും പ്രശാന്ത് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആര്‍ എസ് എസ് ഗണഗീതം പാടിയത്. സംഭവത്തില്‍ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പോലീസിലും ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിരുന്നു.