Connect with us

Editorial

പോലീസിലെ ആര്‍ എസ് എസ് സ്വാധീനം

സര്‍ക്കാറില്‍ നിന്ന് വേതനം പറ്റി സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരായാലും അവരെ ചെവിക്കു പിടിച്ച് പുറത്തിടാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നാടിന്റെ സൗഹൃദാന്തരീക്ഷം മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായ കൂടിയാണ്.

Published

|

Last Updated

കേരള പോലീസിലെ ആര്‍ എസ് എസ് സ്വാധീനം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. തൃശൂര്‍ പൂരം കലക്കിയതില്‍ എ ഡി ജി പി അജിത് കുമാറിന്റെ പങ്ക്, അജിത് കുമാര്‍- ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച, സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങി പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. നേരത്തേ സി പി ഐ നേതാവ് ആനി രാജയും പിണറായി വിജയനും ചൂണ്ടിക്കാണിച്ചതാണ് പോലീസില്‍ ആര്‍ എസ് എസ് വിംഗ് പ്രവര്‍ത്തിക്കുന്ന കാര്യവും സേനയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ സ്വാധീനവും.

ആര്‍ എസ് എസ് കേരള പോലീസില്‍ സ്വാധീനമുറപ്പിച്ചിട്ട് വര്‍ഷങ്ങളായി. 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പോലീസിലെ ആര്‍ എസ് എസ് വിംഗ് പഠനശിബിരം സംഘടിപ്പിച്ചതായി സി പി എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 27 പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗം, സേനയിലെ ആര്‍ എസ് എസ് ഗ്രൂപ്പായ ‘തത്ത്വമസി’ സജീവമാക്കാനും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് എല്ലാ മാസവും യോഗം ചേരാനും തീരുമാനിച്ചിരുന്നു. ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് ഉദ്യോഗസ്ഥരെ ഇതിന് ഉത്തരവാദപ്പെടുത്തിയതായും ചാനല്‍ വെളിപ്പെടുത്തി. പല പോലീസ് സ്റ്റേഷനുകളിലെയും സി ഐമാരും എസ് ഐമാരും സംഘ്പരിവാര്‍ അനുകൂലികളാണെന്ന് 2016ല്‍ സി പി ഐ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പോലീസിലെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളും മറ്റു വിവരങ്ങളും സേനയിലെ ആര്‍ എസ് എസ് വിംഗ്, സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായി ഇന്റലിജന്‍സ് കണ്ടെത്തിയ കാര്യവും അന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

സമീപ കാലത്തെ പല പോലീസ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ സേനയിലെ ആര്‍ എസ് എസ് സ്വാധീനം. തൃശൂരിലെ പോലീസ് അക്കാദമി കാന്റീനില്‍ 2014ല്‍ അന്നത്തെ ഐ ജി സുരേഷ് രാജ് പുരോഹിത് ബീഫിന് വിലക്കേര്‍പ്പെടുത്തിയത് വന്‍ വിവാദമായതാണ്. 2016ല്‍ മുഖ്യമന്ത്രി പിണറായി ഇടപെട്ടാണ് ആ നിരോധനം നീക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതും ശബരിമല പ്രക്ഷോഭക്കാലത്ത്, സന്നിധാനത്ത് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പ്രസംഗിക്കാന്‍ പോലീസ് മൈക്ക് പിടിച്ചു കൊടുത്തതും സേനയിലെ ആര്‍ എസ് എസ് സ്വാധീനം വ്യക്തമാക്കുന്നു.

ഈ ഗണത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് പി വി അന്‍വര്‍ ചൂണ്ടിക്കാണിച്ച ആശ്രമം കത്തിച്ച കേസ് അട്ടിമറി. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ്, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ആശ്രമത്തിന് തീയിട്ടത്. തീവെപ്പില്‍ ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ആശ്രമത്തിലെത്തി സംഭവം വിലയിരുത്തുകയും സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയുമുണ്ടായി. ആറ് മാസക്കാലം പോലീസിലെ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് മൂന്ന് വര്‍ഷം അന്വേഷിച്ചിട്ടും ആരാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം വരെയുണ്ടായിരുന്നു.

കേസിലെ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍, ആദ്യ ഘട്ടത്തില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളിയും അട്ടിമറിയുമാണ് ഇതിനു കാരണമെന്നാണ് പി വി അന്‍വര്‍ പറയുന്നത്. കേസ് അന്വേഷണം വഴിതിരിച്ചു വിട്ട ഡി വൈ എസ് പി രാജേഷ് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ബൂത്ത് ഏജന്റായിരുന്നു. കേസ് സംബന്ധിച്ച ഇന്റലിജന്‍സ് റിപോര്‍ട്ട് എ ഡി ജി പി അജിത് കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെയും നേതൃത്വത്തില്‍ മുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസെടുക്കാതിരിക്കുന്നതും അതേസമയം സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ അതിവേഗത്തില്‍ കേസെടുക്കുന്നതുമാണല്ലോ നിലവിലെ പോലീസ് ശൈലി. അതുതന്നെയാണ് ആശ്രമം കത്തിച്ച സംഭവത്തിലും സ്വീകരിച്ചത്.

പോലീസിന്റെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച ആരോപണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന പ്രദേശമാണ് കേരളം. വര്‍ഗീയ കലാപങ്ങള്‍ അപൂര്‍വമാണിവിടെ. ശബരിമല പ്രക്ഷോഭ കാലത്ത് കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാന്‍ ആര്‍ എസ് എസ് ശ്രമമുണ്ടായിരുന്നെങ്കിലും സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഏത് നീക്കത്തിനും ശക്തമായി തടയിടേണ്ടതുണ്ട്. പോലീസിനെ ശുദ്ധീകരിക്കുകയും വര്‍ഗീയ മുക്തമാക്കുകയുമാണ് ഇക്കാര്യത്തില്‍ പ്രഥമമായും വേണ്ടത്. സര്‍ക്കാറില്‍ നിന്ന് വേതനം പറ്റി സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരായാലും അവരെ ചെവിക്കു പിടിച്ച് പുറത്തിടാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നാടിന്റെ സൗഹൃദാന്തരീക്ഷം മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായ കൂടിയാണ്. പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ചൊല്ലിയാണ്. പോലീസിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടും ഹിന്ദുത്വ സമീപനങ്ങളുമാണ് ഇതിന്റെ പ്രധാന കാരണം.