anti CAA rally
ആര്‍ എസ് എസ് രാജ്യത്ത് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയം: മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ ജന പ്രവാഹം
മലപ്പുറം | മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ വന്‍ജന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഹിറ്റ്‌ലറുടെ ആശയങ്ങളാണ് ആര്‍ എസ് എസിന്റേതെന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ടയാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതില്‍ ജര്‍മനി സ്വീകരിച്ച നടപടികള്‍ മാതൃകപരമാണെന്ന് ആര്‍ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് സംഘടന രീതിക്ക് രൂപം കൊടുക്കാന്‍ സ്ഥാപക നേതാക്കള്‍ മുസോളിനിയെ പോയി കണ്ടിട്ടുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആര്‍ എസ് എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തര്‍ജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍ എസ് എസ് ഓര്‍ക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ടു ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്നും പിണറായി ചോദിച്ചു.
സി എ എക്കെതിരായി കോണ്‍ഗ്രസ് ആത്മാര്‍ഥമായി അണിനിരന്നിട്ടില്ല.ഏതെങ്കിലും ഒരു നേതാവിന്റെ അപക്വമായ നിലപാട് കൊണ്ടല്ലിത്. ആദ്യം സി എ എ ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ അണി നിരന്നു.പിന്നീട് ഈ നിലപാട് മാറ്റി. രാജ്യത്തെ കോണ്‍ഗ്രസസിന്റെ നിലപാടിന് വ്യത്യസ്തമായാണ് കേരളത്തിലെ കോണ്‍ഗ്രസ് സി എ എ ക്ക് എതിരായി നിലപാട് എടുത്തത്. അതായത് കേരള നേതാക്കളുടെ നിലപാട് മാറ്റിച്ചതാവില്ലേ ? യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് കോണ്‍ഗ്രസ് പിന്നീട് പറഞ്ഞു.
കേരളം പ്രമേയം പാസാക്കിയതിനെ കെ പി സി സി പ്രസിഡന്റ് തന്നെ പരിഹസിച്ചു. സി എ എ വിഷയത്തില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. ആനി രാജ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന ആളാണ്. സിതാറാം യെച്ചുരി, പ്രകാശ് കാരട്ട്, ഡി രാജ ഉള്‍പ്പെടെ ഉള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോണ്‍ഗ്രസ്‌കാരെ ആ വഴിക്കു കണ്ടില്ല. ലോക്‌സഭയില്‍ ഇടത് എം പി ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അംഗങ്ങളുടെ ശബ്ദം എവിടെയും പൊങ്ങിയില്ല. എന്താണ് കോണ്‍ഗ്രസ് ഒഴിഞ്ഞു നില്‍ക്കാന്‍ കാരണമെന്നും പിണറായി ചോദിച്ചു.
രാജ്യത്തിന്റെ സംസ്‌കാരം പ്രകാശ പൂര്‍ണമാക്കുന്നതില്‍ മുസ്ലിം വിഭാഗം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ അമേരിക്ക പോലും ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ചു. ചൈനയുള്‍പ്പെടെ ഉള്ള രാജ്യങ്ങളും സി എ എ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സി എ എ ക്കെതിരായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.