jamaathe islami- rss discussion
ആർ എസ് എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച: ദുരൂഹത ഏറുന്നുവെന്ന് കെ ടി ജലീൽ
ഹിറാ സെൻ്ററിലെ അടുക്കളക്കാര്യങ്ങളല്ല ചർച്ചയിൽ വിഷയമായതെന്ന് ഇന്ന് പുറത്തുവന്ന ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിൻ്റെ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം | ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും ഡൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ ദുരൂഹത ഏറുന്നുവെന്ന് മുൻമന്ത്രി ഡോ. കെ ടി ജലീൽ. ജമാഅത്തെ ഇസ്ലാമി ആസ്ഥാനമായ ഹിറാ സെൻ്ററിലെ അടുക്കളക്കാര്യങ്ങളല്ല ചർച്ചയിൽ വിഷയമായതെന്ന് ഇന്ന് പുറത്തുവന്ന ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിൻ്റെ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാട്ടിൽ ഒരു പട്ടി ചത്താൽ അതിൻ്റെ “ഇസ്ലാമിക പരിപ്രേക്ഷ്യം” നെടുനീളൻ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള “ഇസ്ലാമിക് ബുജീവികൾ” എന്തേ ആർ എസ് എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയിൽ നിന്ന് ഉൽഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കൾ നൽകിയ “സുവ്യക്ത” മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത്? നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചർച്ചകൾ പിന്നിടുമ്പോൾ മാനസാന്തരം വന്നത് ആർക്കാണ്? ജമാഅത്തെ ഇസ്ലാമിക്കോ അതോ ആർ എസ് എസ്സിനോയെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റ് താഴെ പൂർണരൂപത്തിൽ:
ആർ എസ് എസ്- ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ദുരൂഹത ഏറുന്നു!
ആർ.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദുരൂഹത വർധിക്കുകയാണ്. കൂടിക്കാഴ്ച വിവാദമായതിനെ തുടർന്ന് ജമാത്തത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തിൽ ചില വിശദീകരണങ്ങൾ നൽകിയിരുന്നു. അതിൻ്റെ തുടർച്ചയെന്നോണം
ചർച്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് ദേശീയ നിർവ്വഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിൻ്റെ അഭിമുഖം ഇന്നത്തെ (15.2.2023) “ന്യു ഇൻഡ്യൻ എക്സ്പ്രസ്സിൽ” അച്ചടിച്ചു വന്നിട്ടുണ്ട്. അതിൻ്റെ രത്നച്ചുരുക്കം താഴെ പറയും പ്രകാരമാണ്.
“2023 ജനുവരി 14 നാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ന്യൂഡൽഹിയിൽ വെച്ച് അടച്ചിട്ട മുറിയിൽ കൂടിക്കാഴ്‌ച നടന്നത്. ആർ.എസ്.എസ് സഹ സർകാര്യവാഹക് ഡോ: ഗോപാൽകൃഷ്ണയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി നേതാക്കളോട് ആർ.എസ്.എസ് പങ്കുവെച്ച കാര്യങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം:
1) എല്ലാവരും വിശ്വാസികളായിരിക്കെ എന്തിനാണ് മുസ്ലിങ്ങൾ മറ്റു മതസ്ഥരെ “കാഫിർ”അഥവാ മതനിഷേധി എന്ന് വിളിക്കുന്നത്?
2) ബോംബ് കൊണ്ട് നടക്കുന്നവർ ഭീകരവാദികളായിരിക്കെ എങ്ങിനെയാണ് മുസ്ലിങ്ങൾ അവരെ “മനുഷ്യർ” എന്ന് വിളിക്കുക?
3) ”ലൗ ജിഹാദ്”വഴിയോ മറ്റു മാർഗ്ഗേണയോ ഇതര മതസ്ഥരെ മത പരിവർത്തനം ചെയ്യില്ലെന്ന് മുസ്ലിങ്ങൾ പ്രതിജ്ഞയെടുക്കണം.
4) “ഭാരത് മാതാകീ ജയ്” എന്ന് വിളിക്കുന്നതിനെ മുസ്ലിം സംഘടനകൾ എന്തിനാണ് എതിർക്കുന്നത്?
5) ഹിന്ദുക്കർ “ഗോമതാവായി” കാണുന്ന പശുവിനെ മുസ്ലിങ്ങൾ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം.
6) ഖുർആനിൽ ഒരിടത്തും പശുവിനെ അറുത്ത് തിന്നാൻ പറഞ്ഞിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഉൾപ്പടെയുള്ളവർ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബി പാലും വെണ്ണയും മനുഷ്യൻ്റെ സൗന്ദര്യവും ആരോഗ്യവും വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച കാര്യം ഞാനും (ഇന്ദേഷ് കുമാർ) അവരുടെ ശ്രദ്ധയിൽ പെടുത്തി”.
മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ നൽകിയതെന്നറിയാൻ സാധാരണ ജനങ്ങൾക്ക് താൽപര്യമുണ്ട്. ഹിറാ സെൻ്റെറിലെ അടുക്കളക്കാര്യങ്ങളല്ല ചർച്ചയിൽ വിഷയമായതെന്ന് അർ.എസ്.എസ് നേതാവിൻ്റെ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാണ്.
നാട്ടിൽ ഒരു പട്ടി ചത്താൽ അതിൻ്റെ “ഇസ്ലാമിക പരിപ്രേക്ഷ്യം” നെടുനീളൻ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള “ഇസ്ലാമിക് ബുജീവികൾ” എന്തേ ആർ.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയിൽ നിന്ന് ഉൽഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കൾ നൽകിയ “സുവ്യക്ത” മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത്?
നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചർച്ചകൾ പിന്നിടുമ്പോൾ മാനസാന്തരം വന്നത് ആർക്കാണ്? ജമാഅത്തെ ഇസ്ലാമിക്കോ അതോ ആർ.എസ്.എസ്സിനോ?
---- facebook comment plugin here -----