Connect with us

rss

ഇന്‍ഫോസിസിനെതിരെ വിമര്‍ശനവുമായി ആര്‍ എസ് എസ് മുഖവാരിക

സര്‍ക്കാറിന്റെ ഭാഗത്തുള്ള തെറ്റ് ഇന്‍ഫോസിസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ എസ് എസ് മുഖവാരികയായ പാഞ്ചജന്യം. ഇന്‍ഫോസിസ് വികസിപ്പിച്ച രാജ്യത്തിന്റെ ജി എസ് ടി- നികുതി പോര്‍ട്ടലില്‍ തകരാറുകള്‍ അടുത്ത ദിവസങ്ങളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ എസ് എസിന്റെ വിമര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതെങ്കലും രാജ്യ വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നുണ്ടോ എന്ന് പാഞ്ചജന്യത്തില്‍ അച്ചടിച്ചു വന്ന ലേഖനത്തില്‍ ചോദിക്കുന്നു.
കീര്‍ത്തിയും അവമതിപ്പും എന്ന തലക്കെട്ടോടെ വാരികയില്‍ വന്ന മുഖലേഖനത്തിലാണ് ഇന്‍ഫോസിസിനെതിരായ പരാമര്‍ശമുള്ളത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ചിത്രമുള്ള കവര്‍ പേജോടെയാണ് വാരികയുടെ ഈ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.

തുടര്‍ച്ചയായി നികുതി പോര്‍ട്ടലില്‍ ഉണ്ടാകുന്ന തകരാറുകള്‍ രാജ്യത്തെ നികുതിദായകരില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസമില്ലാതാക്കിയെന്ന് ലേഖനം വിമര്‍ശിക്കുന്നു. പല ഘട്ടങ്ങളിലായി ഇന്‍ഫോസിസ് നെക്‌സലൈറ്റുകളെയും ഇടതു പക്ഷത്തെയും ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങുകളെയും സഹായിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ലേഖനത്തില്‍ നല്‍കുന്നില്ല. ഇത്തരത്തിലുള്ള മോശം സര്‍വ്വീസ് തന്നെയാവുമോ ഇന്‍ഫോസിസ് അതിന്റെ വിദേശ ഉപഭോക്താക്കള്‍ക്കും നല്‍കുകയെന്ന് ലേഖനം ചോദിക്കുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുള്ള തെറ്റ് ഇന്‍ഫോസിസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. ഈ ലേഖനമാണ് രാജ്യ വിരുദ്ധമെന്ന് അദ്ദേഹം എന്ന് കടന്നാക്രമിച്ചു. രാജ്യത്തെ ലോകത്തിന്റെ മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കമ്പനികളാണ് ഇന്‍ഫോസിസിനെ പോലുള്ളവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest