Connect with us

National

വഖഫ് ബില്ലിന് പിന്നാലെ ആർ എസ് എസ് ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു: രാഹുൽ

ആർ എസ് എസ് മുഖപത്രമായ 'ഓർഗനൈസറി'ന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതും പിന്നീട് പിൻവലിച്ചതുമായ ക്രൈസ്തവർക്ക് എതിരായ ലേഖനം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ പരാമർശം

Published

|

Last Updated

ന്യൂഡൽഹി | വഖഫ് (ഭേദഗതി) ബിൽ ഭാവിയിൽ മറ്റ് സമുദായങ്ങളെയും ലക്ഷ്യമിടാനുള്ള ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നുവെന്നും ആർ.എസ്.എസ് തങ്ങളുടെ ശ്രദ്ധ ക്രിസ്ത്യാനികളിലേക്ക് തിരിക്കാൻ അധികം സമയമെടുത്തില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർ എസ് എസ് മുഖപത്രമായ ‘ഓർഗനൈസറി’ന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതും പിന്നീട് പിൻവലിച്ചതുമായ ലേഖനം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ഏപ്രിൽ 3-ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിൽ കൂടുതൽ ഭൂമിയുള്ളത് ആർക്കാണ്? കത്തോലിക്കാ സഭയും വഖഫ് ബോർഡ് ചർച്ചയും’ എന്ന ലേഖനത്തിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാറിതര ഭൂമിയുള്ളത് കത്തോലിക്കാ സഭക്കാണെന്നാണ് പറയുന്നത്. വഖഫ് ബോർഡിനേക്കാൾ കൂടുതൽ ഭൂമി കത്തോലിക്കാ സഭയുടെ കൈവശമുണ്ടെന്നും ലേഖനം അവകാശപ്പെട്ടു. വിവാദമായതോടെ ലേഖനം ഓൺലൈനിൽ നിന്ന് പിൻവലിച്ചു. ഈ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ‘എക്‌സിൽ’ അഭിപ്രായം വ്യക്തമാക്കിയത്.

നമ്മുടെ ജനങ്ങളെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.

കത്തോലിക്കാ സഭയ്ക്കും അതിൻ്റെ സ്ഥാപനങ്ങൾക്കും ഏകദേശം 20,000 കോടി രൂപ വിലമതിക്കുന്ന ഏഴ് കോടി ഹെക്ടർ ഭൂമിയുണ്ടെന്നാണ് ഓർഗനൈസർ ലേഖനത്തിൽ പറയുന്നത്. ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ വെബ്‌സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരി വരെ, ഇന്ത്യൻ സർക്കാർ ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമി സ്വന്തമാക്കിയിരുന്നു. വഖഫ് ബോർഡിന് വിവിധ സംസ്ഥാനങ്ങളിലായി ഗണ്യമായ ഭൂമി ഉണ്ടെങ്കിലും, അത് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ കൈവശമുള്ള ഭൂമിയെ മറികടക്കുന്നില്ലെന്നും ലേഖനം അവകാശപ്പെട്ടു.

2012 വരെ കത്തോലിക്കാ സഭയ്ക്ക് 2,457 ഹോസ്പിറ്റൽ ഡിസ്പെൻസറികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, 5 എഞ്ചിനീയറിംഗ് കോളേജുകൾ, 3,765 സെക്കൻഡറി സ്‌കൂളുകൾ, 7,319 പ്രൈമറി സ്‌കൂളുകൾ, 3,187 നഴ്‌സറി സ്‌കൂളുകൾ എന്നിവയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

മുനമ്പം ഭൂമിയുടെ പേരിൽ വഖഫ് ബില്ലിനെ പിന്തുണച്ച് ക്രൈസ്തവ നേതൃത്വം രംഗത്ത് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആർ എസ് എസ് ക്രൈസ്തവർക്ക് എതിരെ തിരിയുന്നത് എന്നത് വ്യക്തമാണ്.