Uae
മെട്രോയിലും ട്രാമിലും യാത്രക്കാര്‍ക്ക് ചില ഇ-സ്‌കൂട്ടറുകള്‍ കൊണ്ടുപോകാമെന്ന് ആര്‍ ടി എ
ദുബൈ മെട്രോയിലോ ട്രാം പരിസരങ്ങളിലോ ഇ-സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല. വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവ തടയുന്ന വിധത്തില്‍ നിര്‍ത്തരുത്.
ദുബൈ|മെട്രോയിലും ട്രാമിലും യാത്രക്കാര്‍ക്ക് ചില ഇ-സ്‌കൂട്ടറുകള്‍ കൊണ്ടുപോകാമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മടക്കാവുന്ന ഇ-സ്‌കൂട്ടറുകള്‍ മെട്രോയിലും ട്രാമിലും എല്ലാ പ്രവര്‍ത്തന സമയത്തും കൊണ്ടുപോകാം. എന്നിരുന്നാലും, അവ 120 സെന്റിമീറ്റര്‍, 70 സെന്റിമീറ്റര്‍, 40 സെന്റിമീറ്റര്‍ എന്ന അളവില്‍ പൊരുത്തപ്പെടണം. 20 കിലോയില്‍ കൂടുതല്‍ ഭാരം പാടില്ല. ഏതാനും മാസം മുമ്പാണ് ഇവയുള്‍പ്പടെ എല്ലാ ഇ സ്‌കൂട്ടറുകള്‍ക്കും നിരോധം ഏര്‍പ്പെടുത്തിയത്. ട്രെയിനുകളില്‍ മടക്കാവുന്ന ഇ-സ്‌കൂട്ടറുകള്‍ ഇപ്പോള്‍ വീണ്ടും അനുവദിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
ദുബൈ മെട്രോയിലോ ട്രാം പരിസരങ്ങളിലോ ഇ-സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല. വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവ തടയുന്ന വിധത്തില്‍ നിര്‍ത്തരുത്. മെട്രോയിലോ ട്രാം പരിസരത്തോ നനഞ്ഞതോ വൃത്തികെട്ടതോ ആയ ഇ-സ്‌കൂട്ടറുകള്‍ അനുവദിക്കില്ല. സ്റ്റേഷനുകളിലോ നടപ്പാലങ്ങളിലോ ഇ-സ്‌കൂട്ടര്‍ ഓടിക്കരുത്. സ്റ്റേഷനുകളിലേക്കോ പ്ലാറ്റ്‌ഫോമുകളിലേക്കോ ട്രെയിനുകളിലേക്കോ ട്രാമുകളിലേക്കോ പ്രവേശിക്കുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ മടക്കിയിരിക്കണം. മെട്രോ അല്ലെങ്കില്‍ ട്രാം പരിസരങ്ങളില്‍ എല്ലാ സമയത്തും ഇ-സ്‌കൂട്ടര്‍ പവര്‍ ഓഫ് ചെയ്യുക.
വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ പാടില്ല. നീണ്ടുനില്‍ക്കുന്ന ഭാഗങ്ങള്‍ മറയ്ക്കുകയോ മടക്കുകയോ ചെയ്യണം. ഇ-സ്‌കൂട്ടറുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ഉത്തരവാദികളാണ്. മെട്രോ സ്റ്റേഷനുകളില്‍ ചെക്ക് ഇന്‍/ഔട്ട് ചെയ്യുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ മടക്കിവെക്കുകയും വിശാലമായ ഗേറ്റുകള്‍ ഉപയോഗിക്കുകയും വേണം. എല്ലായ്‌പ്പോഴും ശ്രദ്ധിക്കുകയും ഇ-സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുക. ബാറ്ററി കേടായതല്ലെന്ന് ഉറപ്പുവരുത്തുക. പാരിസ്ഥിതിക മാലിന്യങ്ങള്‍ പുറന്തള്ളുന്നില്ലെന്ന് ഉറപ്പാക്കുക. ഉപയോഗിക്കുന്ന ബാറ്ററികള്‍ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ച്ച് ഒന്ന് മുതലാണ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചത്.