Uae
റമസാൻ റോഡ് സുരക്ഷാ ബോധവത്കരണവുമായി ആർ ടി എ
ശൈഖ് സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 11 വരെ ഹെവി വാഹനങ്ങളുടെ ഗതാഗതം പരിമിതപ്പെടുത്തി.

ദുബൈ | പുണ്യമാസത്തിൽ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) റമസാൻ റോഡ് സുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു.
തൊഴിലാളികൾ, ടാക്‌സി ഡ്രൈവർമാർ, ഹെവി വെഹിക്കിൾ ഡ്രൈവർമാർ, സൈക്ലിസ്റ്റുകൾ, ഇ-സ്‌കൂട്ടർ ഉപയോക്താക്കൾ എന്നിവരുൾപ്പെടെ വിവിധ ഗ്രൂപ്പുകളെയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. റമസാനിൽ റോഡപകടങ്ങൾ കുറക്കുന്നതിനും ട്രക്ക് ചലന നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രധാന ശ്രദ്ധ നൽകും.
ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ്, വിവിധ സഹകാരികൾ എന്നിവയുമായി ഏകോപിച്ചാണ് പ്രവർത്തനം.ഡെലിവറി ബൈക്ക് യാത്രക്കാർ, ഡ്രൈവർമാർ, മെട്രോ ഉപയോക്താക്കൾ, സൈക്ലിസ്റ്റുകൾ എന്നിവർക്കായി സുരക്ഷാ ബ്രോഷറുകൾ അടങ്ങിയ 10,000 റമസാൻ സമ്മാന പായ്ക്കുകൾ വിതരണം ചെയ്യും.ടാക്‌സി, ബസ്, ട്രക്ക് ഡ്രൈവർമാർക്കും ഇഫ്താർ ഭക്ഷണവും സുരക്ഷാ ബ്രോഷറുകളും നൽകുന്നു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കാനും മറ്റ് റോഡ് ഉപയോക്താക്കളെ ബഹുമാനിക്കാനും നിർദേശിക്കുന്നതാണ് ബ്രോ
ഷറുകൾ.
നല്ലവണ്ണം ഭക്ഷണം കഴിച്ചയുടനെ വാഹനമോടിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ശാന്തത പാലിക്കുക, വിൻഡോകൾ അടച്ചിട്ട വാഹനത്തിൽ ഉറങ്ങരുത് തുടങ്ങിയ സുരക്ഷാ നുറുങ്ങുകളും നൽകിയിട്ടുണ്ട്.
റമസാനിൽ ആർ ടി എ പുതിയ ട്രക്ക് ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കി. ശൈഖ് സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 11 വരെ ഹെവി വാഹനങ്ങളുടെ ഗതാഗതം പരിമിതപ്പെടുത്തി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് രാവിലെയും വൈകുന്നേരവും കൂടുതൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്.