Uae
ദുബൈ കാഴ്ചകള്‍ കാണാന്‍ ആര്‍ ടി എ ഓണ്‍ & ഓഫ് ബസ് സംരംഭം ആരംഭിക്കും
എമിറേറ്റിലെ താമസക്കാരെയും സന്ദര്‍ശകരെയും നഗരത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളും വിനോദസഞ്ചാര ആകര്‍ഷണങ്ങളും ആസ്വദിക്കാന്‍ കൊണ്ടുപോകുന്ന സംരംഭമാണിത്.
ദുബൈ | താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി ആര്‍ ടി എ ‘ഓണ്‍ & ഓഫ് ബസ്’ സംരംഭം ഈ സെപ്തംബറില്‍ ആരംഭിക്കും. എമിറേറ്റിലെ താമസക്കാരെയും സന്ദര്‍ശകരെയും നഗരത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളും വിനോദസഞ്ചാര ആകര്‍ഷണങ്ങളും ആസ്വദിക്കാന്‍ കൊണ്ടുപോകുന്ന സംരംഭമാണിത്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നൂതനവും ആകര്‍ഷകവുമായ അനുഭവമായിരിക്കും ഇത്.
എമിറേറ്റിന്റെ സാമ്പത്തിക വളര്‍ച്ചയിലും ജി ഡി പിയിലും നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ ദുബൈയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ ടി എയുടെ പ്രതിബദ്ധത പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി ഇ ഒ. അഹ്മദ് ബഹ്‌റൂസിയാന്‍ എടുത്തുപറഞ്ഞു. വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും നിക്ഷേപകരുടെയും വരവ്, യു എ ഇയുടെ സുരക്ഷ എന്നിവയൊക്കെ കണക്കിലെടുത്താണിത്.
മെട്രോ, മറൈന്‍ ഗതാഗതം, പൊതു ബസുകള്‍, മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി ഇത് ബന്ധിപ്പിക്കും. ‘ഡിസ്‌കവര്‍ ദുബൈ, ഒരു സമയം ഒരു സ്റ്റോപ്പ്’ എന്ന ആശയത്തിലാണിത്. ദുബൈ മാളില്‍ നിന്ന് ആരംഭിച്ച് ദുബൈ ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ഗോള്‍ഡ് സൂക്ക്, ദുബൈ മാള്‍, ലാ മെര്‍ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ എട്ട് പ്രധാന ആകര്‍ഷണങ്ങളും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളും സന്ദര്‍ശിക്കാം. അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ പ്രധാന താവളമായിരിക്കും. ഓണ്‍ ആന്‍ഡ് ഓഫ് ബസ് ദുബൈ മാളില്‍ നിന്നാണ് പുറപ്പെടുകയെന്നും 60 മിനുട്ട് ആവൃത്തിയില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കുമെന്നും സി ഇ ഒ വിശദീകരിച്ചു. ലാന്‍ഡ്മാര്‍ക്കുകളിലൂടെയുള്ള യാത്രക്ക് രണ്ട് മണിക്കൂര്‍ എടുക്കും. ഒരാള്‍ക്ക് 35 ദിര്‍ഹം ആയിരിക്കും നിരക്ക്.