Kerala
റബ്ബർ വില താഴോട്ട്; കർഷകർക്ക് ആശങ്ക
ബ്ബറിന്റെ ഉത്പാദനം കുറഞ്ഞിട്ടും വിലയിൽ ഉണ്ടായിരിക്കുന്ന ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്
കോട്ടയം | പ്രതീക്ഷയുയർത്തി ഉയർന്ന റബ്ബർ വില വീണ്ടും താഴേക്ക്. ഇന്നലെ ആർ എസ് എസ് നാല് റബ്ബറിന്റെ വില കിലോക്ക് 171 രൂപയായി. ആർ എസ് എസ് അഞ്ചിന് കിലോക്ക് 168 രൂപയിലും എത്തി. ഓണക്കാലത്ത് 180 രൂപയിലെത്തിയ റബ്ബർ വിലയാണ് താഴേക്ക് പതിച്ചത്.
ജൂലൈ മാസത്തിൽ കിലോക്ക് 135 രൂപ മാത്രമായിരുന്ന റബ്ബർ വില ആഗസ്റ്റിൽ 180ലേക്ക് എത്തുകയായിരുന്നു. കൊവിഡ് കാലത്ത് റബർ ഇറക്കുമതിയിൽ ഉണ്ടായ കുറവും ഉത്പാദനം കുറഞ്ഞതുമായിരുന്നു വില വർധനവിന് കാരണം.
കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യത കുറഞ്ഞതും വില കൂടാൻ കാരണമായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യാന്തര വിപണിയിൽ റബ്ബറിന്റെ ഡിമാൻഡിൽ ഉണ്ടായ ഇടിവാണ് വില കുറയാൻ കാരണം. കൊവിഡ് വ്യാപനത്തെത്തുടർന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറക്കുമതി കുറച്ചത് തിരിച്ചടിയായി.
യു എസ്, യു കെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ചൈന തുടങ്ങിയ വിപണിയിലെ പ്രമുഖ ഉപഭോക്തൃ കമ്പനികൾ റബ്ബർ വാങ്ങൽ നീട്ടിവെച്ചതാണ് ഉയർന്ന വില താഴേക്ക് പതിക്കാൻ കാരണം.
കൂടാതെ ഓട്ടോമൊബൈൽ ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.
ലോകമെമ്പാടും വ്യവസായ പ്രവർത്തനങ്ങളിൽ ഉണ്ടായ കുറവും റബ്ബറിന്റെ ഡിമാൻഡ് കുറച്ചു.
ഉത്പാദനം കുറഞ്ഞതിനാൽ വില 180ൽ നിന്ന് 200 ലേക്ക് ഉയരുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ റബ്ബറിന്റെ ഉത്പാദനം കുറഞ്ഞിട്ടും വിലയിൽ ഉണ്ടായിരിക്കുന്ന ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിലയിൽ നേരിട്ടിരിക്കുന്ന ഇടിവ് കർഷകരെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.
ഇനിയും റബ്ബറിന്റെ വില ഇടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. കൂടാതെ ലാറ്റക്‌സിന്റെ വിലയും കുറഞ്ഞു. ആഗസ്റ്റിൽ 130 രൂപയുണ്ടായിരുന്ന ലാറ്റക്‌സ് വില ഇന്നലെ 123 രൂപയിലെത്തി.