National
പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്കാവില്ല;ബുള്‍ഡോസര്‍ രാജിനെതിരെ സ്വരം കടുപ്പിച്ച് സുപ്രീം കോടതി
കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല.
ന്യൂഡല്‍ഹി | പ്രതി ചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരാണോയെന്ന് തീരുമാനിക്കേണ്ടത് ഭരണകര്‍ത്താക്കളല്ലെന്നും കോടതികളാണെന്ന് സുപ്രീം കോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകും. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്കാവില്ലെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബുള്‍ഡോസര്‍ രാജിനെതിരായ ഹരജികളിലാണ് കോടതിയുടെ നിര്‍ദേശം.
സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. പ്രതികളുടെ വീടുകള്‍ തകര്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് പറയാനാകില്ല. അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട. പാര്‍പ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.
കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാകും.
അതെ സമയം വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ പൊളിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അവകാശ ലംഘനമെങ്കില്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടാകും.
മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ വീടുകള്‍ പൊളിക്കരുത്. 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. പൊളിക്കല്‍ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.