Kerala
ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിക്കുന്നു: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി
ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പോരാടുകയാണ് മാധ്യമങ്ങളുടെ ധര്‍മം. മാധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്.
പത്തനംതിട്ട | ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോട് അസഹിഷ്ണുത മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ധിച്ചുവരുന്നതായി കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി. പത്തനംതിട്ട പ്രസ്സ് ക്ലബ് മുന്‍ സെക്രട്ടറി ഷാജി അലക്‌സിന്റെ പതിനഞ്ചാമത് അനുസ്മരണത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്ത് ജനാധിപത്യം പുലരുകയുള്ളൂ. ജനങ്ങളുടെ പ്രതികരണമാണ് മാധ്യമങ്ങള്‍ അറിയിക്കുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പോരാടുകയാണ് മാധ്യമങ്ങളുടെ ധര്‍മമെന്നും മാധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്നും എം പി അഭിപ്രായപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന സമിതിയംഗം സാം ചെമ്പകത്തില്‍ ഷാജി അലക്‌സ് അനുസ്മരണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി എബ്രഹാം, പ്രൊഫ. ഡി കെ ജോണ്‍, പ്രസ്‌ക്ലബ് സെക്രട്ടറി ജി വിശാഖന്‍, മുന്‍ സെക്രട്ടറി എ ബിജു പ്രസംഗിച്ചു.
മുന്‍ സെക്രട്ടറി ഷാജി അലക്‌സിന്റെ പതിനഞ്ചാമത് അനുസ്മരണത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്യുന്നു.