National
മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് തോല്‍വി
മുഖ്യമന്ത്രി സോറംതാംഗ, ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കം പാര്‍ട്ടിയുടെ പ്രമുഖരെല്ലാം പരാജയപ്പെട്ടു.

ഐസോള്‍| മിസോറം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അന്തിമഘടത്തിലെത്തി നില്‍ക്കെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്(എം.എന്‍.എഫ്) തോല്‍വി. മുഖ്യമന്ത്രി സോറംതാംഗ, ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കം പാര്‍ട്ടിയുടെ പ്രമുഖരെല്ലാം പരാജയപ്പെട്ടു. മിസോ നാഷണല്‍ ഫ്രണ്ട് അധ്യക്ഷന്‍ കൂടിയായ സോറംതാംഗ ഐസോള്‍ ഈസ്റ്റ് ഒന്നില്‍നിന്നും സോറം പീപ്പിള്‍സ് മൂവ്മെന്റ് സ്ഥാനാര്‍ഥി ലാല്‍തന്‍സംഗയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകള്‍ക്കാണ് തോല്‍വി.
മിസോറാം ഡെപ്യൂട്ടി മുഖ്യമന്ത്രി തവന്‍ലുയ തുയിചാങ് മണ്ഡലത്തില്‍നിന്നും ഇസഡ്.പി.എം സ്ഥാനാര്‍ഥി ഡബ്ല്യു. ച്ഛ്വാനാവ്മയോട് 909 വോട്ടിനാണ് തോറ്റത്. മിസോറാം ആരോഗ്യ മന്ത്രി ആര്‍. ലാല്‍തംഗ്ലിയാന ഇസഡ്.പി.എമ്മിന്റെ ജോജെ ലാല്‍പെഖ്‌ലുവയോടാണ് തോറ്റത്. സോറം പീപ്പിള്‍സ് മൂവ്‌മെന്റ് സ്ഥാനാര്‍ഥിക്ക് 5,468 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ലാല്‍തംഗ്ലിയാനക്ക് 5,333 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ഇസഡ്.പി.എം) കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. നാളെയോ മറ്റന്നാളോ ഗവര്‍ണറെ കാണുമെന്ന് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലാല്‍ദുഹോമ പ്രതികരിച്ചു.