Ongoing News
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഐ പി എല്ലിന്റെ അടുത്ത സീസണിലും ചെന്നൈയില്‍ തുടരുമെന്ന് എം എസ് ധോണി
മുംബൈ | അഭ്യൂഹങ്ങളുടെയെല്ലാം മുനയൊടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന സീസണിലെ അവസാന ലീഗ് മത്സരം ധോണിയുടെ അവസാന മത്സരമാകുമോയെന്ന ആരാധകരുടെ ആശങ്കകള്‍ക്കാണ് വിരാമമാകുന്നത്. അടുത്ത സീസണ്‍ ഐ പി എല്ലിലും താന്‍ ചെന്നൈ ടീമില്‍ തന്നെയുണ്ടാകുമെന്ന് ധോണി വ്യക്തമാക്കിയതോടെയാണിത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ അവസാന ലീഗ് മത്സരത്തിലെ ടോസ് സമയത്താണ് അടുത്ത സീസണിലും ചെന്നൈ ടീമില്‍ ഉണ്ടായിരിക്കുമെന്ന് കളിക്കുമെന്ന് ക്യാപ്റ്റന്‍ കൂള്‍ വ്യക്തമാക്കിയത്. ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച ശേഷം മാത്രമേ വിരമിക്കൂ എന്നായിരുന്നു ധോണി ടോസിനു ശേഷം ഇയാന്‍ ബിഷപ്പിനോട് വെളിപ്പെടുത്തിയത്. ‘ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണ്. ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ല.’- ധോണി പറഞ്ഞു.